ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സിലിങ് സെന്ററുകള്‍ തുറക്കുന്നു
കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കുന്നു. വിവിധ ജില്ലകളിലായി 66 സെന്ററുകളാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ ആരംഭിക്കുന്നത്.
ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍തലത്തില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ സെന്ററുകള്‍ അനുവദിച്ചിരിക്കുന്നത്. മലപ്പുറത്തു പതിനഞ്ചും കോഴിക്കോട്ട് പത്തും സെന്ററുകളാണുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓരോ സെന്ററുകളുണ്ട്. വിവിധ മത നേതാക്കളുടെ യോഗത്തില്‍ ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.
ലൈംഗിക വിദ്യാഭ്യാസം, ഭാര്യാ-ഭര്‍തൃ ആശയവിനിമയം, വിവാഹത്തിനു മുന്‍പും ശേഷവുമുള്ള ജീവിതം, വിവാഹസംബന്ധമായ നിയമങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നല്‍കുക. കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി വിഭാഗത്തിന്റെയും തിരുവനന്തപുരം ലൊയോള കോളജിന്റെയും സഹായത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ ഡയരക്ടറേറ്റാണ് സിലബസ് തയാറാക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ 18 വയസ് പൂര്‍ത്തിയായ അവിവാഹിതര്‍ക്കാണ് നാലു ദിവസത്തെ സൗജന്യ കൗണ്‍സിലിങ് നല്‍കുന്നത്. ചില സെന്ററുകളില്‍ ആദ്യ ബാച്ച് ക്ലാസ് പൂര്‍ത്തിയായെങ്കിലും സംസ്ഥാനതലത്തിലുള്ള ഉദ്ഘാടനം ഈ മാസം 22നു കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കാംപസില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."