സെക്രട്ടേറിയറ്റിന്റെ കാവല്‍ ഇനി വ്യവസായ സുരക്ഷാ സേനയ്ക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല കേരള പൊലിസിനു കീഴിലുള്ള സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്.ഐ.എസ്.എഫ്) നല്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സെക്രട്ടേറിയറ്റ് ഗാര്‍ഡുകള്‍ക്കാണ് നിലവില്‍ സുരക്ഷാ ചുമതല നല്‍കിയിരുന്നത്.
വ്യവസായ സേനയെ നിയോഗിച്ചതോടെ കര്‍ശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ഇനിമുതല്‍ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ കടത്തിവിടു. സെക്രട്ടേറിയറ്റിലെ നാലു ഗേറ്റുകളിലും സായുധസേനയെ വിന്യസിക്കും. പ്രധാന ഓഫിസുകള്‍ക്കു മുന്നിലും സായുധ സേനയുണ്ടാകും. വ്യവസായ സുരക്ഷാ സേന എത്തുന്നതോടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കായി ഇപ്പോഴുള്ള കെട്ടിടങ്ങളിലും മാറ്റം വരും.
കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങള്‍ പണിയും. വാഹനങ്ങളുടെ അടിവശം സ്കാന്‍ ചെയ്യുന്നതിനു കന്റോണ്‍മെന്റ് ഗേറ്റില്‍ സ്ഥാപിച്ച സ്കാനര്‍ പ്രവര്‍ത്തിപ്പിക്കാനും ആധുനിക രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങള്‍ കവാടങ്ങളില്‍ സ്ഥാപിക്കാനും നടപടികള്‍ തുടങ്ങി.
സെക്രട്ടേറിയറ്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സെക്രട്ടേറിയറ്റ് സെക്യൂരിറ്റി കമ്മിറ്റി രൂപീകരിച്ചും ഉത്തരവിറങ്ങി. പൊതുഭരണ പ്രിന്‍സിപ്പില്‍ സെക്രട്ടറിയാണ് അധ്യക്ഷന്‍. കൊച്ചി മെട്രോ, റിസര്‍വ് ബാങ്ക്, ഇന്‍ഫോ പാര്‍ക്ക്, മലബാര്‍ സിമന്റ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും സേന സുരക്ഷ ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."