അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു: എസ്. രാമചന്ദ്രന്‍ പിള്ള
തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. ആര്‍ക്കെതിരേ കേസെടുക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരിലെ അംഗങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ വിവരങ്ങള്‍ രഹസ്യമാണ്. എന്നാല്‍ അത് ഓരോ മണിക്കൂറിലും ചോര്‍ത്തി കൊടുക്കുകയാണ്. ഇത് രാജ്യത്തെ സംബന്ധിച്ച് അപകടകരമായ സ്ഥിതിയാണ്.
ഇതിനെതിരേ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ഉത്തരം പറയണം. തെറ്റ് ചെയ്ത ആരേയും പാര്‍ട്ടി സംരക്ഷിക്കില്ല. കുറ്റം ചെയ്തവരെ ശിക്ഷിക്കട്ടെയെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഞങ്ങളുടെ മക്കള്‍ നല്ലത് ചെയ്യുന്നവരുണ്ടാകും. അതുപോലെ ഇന്നത്തെ സമൂഹത്തിന്റെ സമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റ് ചെയ്‌തെന്നും വരും. തെറ്റ് ചെയ്തവരെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടോയെന്നാണ് പ്രധാനം. സംസ്ഥാന സെക്രട്ടറിക്ക് എതിരായി ഒരു ആക്ഷേപവുമില്ല.
എല്ലാ വൃത്തികേടുമുള്ള ഒരു സമൂഹമാണിത്. അതിന്റെ സ്വാധീനശക്തി ചിലപ്പോള്‍ ഏറിയും കുറഞ്ഞും ഞങ്ങളിലും കുടുംബാംഗങ്ങളിലുമുണ്ടാകും. സര്‍ക്കാരിന് ബോധ്യപ്പെട്ടപ്പോഴാണ് ശിവശങ്കറിനെ മാറ്റി അന്വേഷണം നടത്തിയത്. അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ആളുകളെ ചുഴിഞ്ഞു നോക്കാനൊന്നും പറ്റില്ല. ആരുടേയും സ്വഭാവം തിരയാന്‍ സാധിക്കില്ല. ശിവശങ്കറിന്റെ മേലുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുള്ളത് പോലെ പ്രധാനമന്ത്രിക്കുമുണ്ടെന്നും എസ്.ആര്‍.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."