'പരേതന്റെ ശരീരവുമായി പരേതരുടെ' പ്രതിഷേധ സംഗമം
കോഴിക്കോട്: 'വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തെങ്ങുകയറ്റ ജോലിക്കാരനായ എന്റെ വലതു കൈ തെങ്ങില്‍ നിന്ന് വീണ് നഷ്ടമായത്. പിന്നീട് എനിക്ക് തുടര്‍ച്ചയായി വികലാംഗ പെന്‍ഷന്‍ കിട്ടിയിരുന്നു. 1100 രൂപയാണ് കിട്ടുന്ന തുക. കഴിഞ്ഞ കുറച്ച് മാസമായി പെന്‍ഷന്‍ കിട്ടാതായപ്പോഴാണ് ഞാന്‍ എലത്തൂരിലെ കോര്‍പറേഷന്‍ കേന്ദ്രത്തിലെത്തിയത്. കുറച്ച് കാത്തിരിക്കൂ.. പെന്‍ഷന്‍ കിട്ടും എന്ന് പറഞ്ഞ് എന്നെ പറഞ്ഞയച്ചു. പിന്നീടാണ് അവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചുപറഞ്ഞത്; ബാലേട്ടാ നിങ്ങള് മരിച്ചുവെന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം എന്റെ കണ്ണില്‍ നിന്ന് തന്നെ വെള്ളം വന്നു. പിന്നീട് കോര്‍പറേഷന്‍ മേയര്‍ക്കും അധികൃതര്‍ക്കും പരാതി നല്‍കി. പക്ഷേ ഇപ്പോഴും എന്റെ പെന്‍ഷന്റെ കാര്യത്തില്‍ ഒരു തീരുമാനവുമുണ്ടായിട്ടില്ല'.
മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ പരേതരായി പിന്തള്ളപ്പെട്ട വികലാംഗരുടെ പ്രതിഷേധസംഗമത്തില്‍ പരേതനായി കിടന്ന ശേഷം എലത്തൂര്‍ സ്വദേശി ബാലന്‍ കാട്ടുങ്ങല്‍ ഇതു പറയുമ്പോള്‍ പ്രതിഷേധവും പ്രതീക്ഷയും ഉണ്ടായിരുന്നു. തൊണ്ടയാട് സ്വദേശി സദാനന്ദന്റെ മൂന്നു മക്കളും ജന്മനാ വൈകല്യമുള്ളവരാണ്.
എന്നാല്‍ കാറിന്റെ ഉടമയാണെന്ന കാരണത്താല്‍ മൂവരുടെയും പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണെന്നാണ് സദാനന്ദന്‍ പറയുന്നത്. പരേതരായും കാറിന്റെ ഉടമകളായും നിരവധി പേരെയാണ് പെന്‍ഷന്‍ ലിസ്റ്റില്‍നിന്നു പുറത്താക്കിയിരിക്കുന്നത്. കോര്‍പറേഷനില്‍ 3600 പേരെയാണ് ഇക്കാരണത്താല്‍ ഒഴിവാക്കിയിരിക്കുന്നത്.
പെന്‍ഷനില്‍നിന്നു ഒഴിവാക്കപ്പെട്ട വികലാംഗകരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ സൈനുദ്ദീന്‍ മടവൂര്‍, നിയാസ് പരപ്പില്‍, എം.കെ സത്യന്‍, എം.കെ മുരളീധരന്‍, മുഹമ്മദ് ആര്‍.ഇ.സി, കെ. മുഹമ്മദ് സംബന്ധിച്ചു. നാളെ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ സൂചനാ നിരാഹാരസമരം നടത്തും.
ഈ മാസം 24ന് അനിശ്ചിതകാല സമരം നടത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."