സി.ഐക്കും എസ്.ഐക്കും സ്ഥലം മാറ്റം; അഞ്ചു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയില്‍ അടിയന്തിര നടപടിയെടുത്ത് സര്‍ക്കാര്‍. സി.ഐയെയും എസ്.ഐയെയും സ്ഥലം മാറ്റുകയും അഞ്ചു പൊലിസുകാരെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.
ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന മ്യൂസിയം പൊലിസ് സ്‌റ്റേഷനിലെ സി.ഐ സന്തോഷ് കുമാറിനെയും എസ്.ഐ സുധീഷ് കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. ഇവരെ ജില്ലാ ആസ്ഥാനത്ത് കമ്മിഷണറുടെ യൂണിറ്റിലേക്കാണ് മാറ്റിയത്.
കൂടാതെ സമരക്കാരെ തടയാന്‍ നിയോഗിച്ചിരുന്ന എ.ആര്‍ ക്യാംപിലെ പൊലിസുകാരായ അനു, രതീഷ്, വിനീത്, കണ്‍ട്രോള്‍ വെഹിക്കിള്‍സിലെ എ.എസ്.ഐമാരായ ജയശങ്കര്‍, പ്രദീപ് എന്നിവരെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് ജങ്ഷനു സമീപം പ്രതിഷേധക്കാരെ പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതിനിടെ പൊലിസിനെ വെട്ടിച്ച് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയും സുരക്ഷാ ഗാര്‍ഡുമായി ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.
പിന്നാലെ കൂടുതല്‍ പൊലിസുകാരെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഡി.സി.പി ദിവ്യ ഗോപിനാഥ് എന്നിവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരെയും കാണാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല.
ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് പൊലിസുകാര്‍ക്കെതിരേ നടപടി എടുത്തത്. സമീപകാലത്ത് രണ്ടാം തവണയാണ് ക്ലിഫ് ഹൗസില്‍ സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
വ്യാഴാഴ്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് സമീപം വരെയെത്തിയതും വിവാദമായിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റും പൊലിസ് കാവല്‍ ഉണ്ടായിരിക്കെയാണ് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."