കത്വ കേസ് വിധി ആശ്വാസകരം; അപ്പീല്‍ പോകുമെന്നും മുസ്ലിം യൂത്ത് ലീഗ്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കത്വ കേസില്‍ ആറ് പ്രതികള്‍ക്ക് ശിക്ഷ നല്കിയ പത്താന്‍കോട്ട് പ്രത്യേക കോടതിയുടെ വിധി ആശ്വാസകരമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ഒരു പാട് സമ്മര്‍ദ്ദങ്ങള്‍ക്കു നടുവിലും ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് സന്തോഷകരമാണ്. പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി എല്ലാ നിയമ സഹായവും നല്കാനായതില് യൂത്ത് ലീഗിന് അഭിമാനമുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ് ഈ വിധി. പ്രതിയായ വിശാലിനെ വെറുതെ വിട്ടത് നിരാശാജനകമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കാന്‍ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഓരോ ഘട്ടത്തിലും നിയമ പോരാട്ടം ജാഗ്രതയോടെ മുന്നോട്ട് കൊണ്ടു പോകുമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."