കെട്ടിട നിര്‍മാണ അപേക്ഷ: കാലതാമസം ഒഴിവാക്കാന്‍ സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തും
തിരുവനന്തപുരം: കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകളിലെ നടപടികളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആദ്യം ഇതു നടപ്പാക്കുക കോഴിക്കോട് കോര്‍പറേഷനില്‍ ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പിന്നീട്ട് ഘട്ടംഘട്ടമായി ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കെട്ടിട നിര്‍മാണ അപേക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്കു പരിഹാരമാകും.
കുടുംബശ്രീ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും വേതനം 50 ശതമാനം വര്‍ധിപ്പിക്കും. ഇതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. കുടുംബശ്രീയില്‍ ഇപ്പോള്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കാണ് അംഗത്വം നല്‍കുന്നത്. ഇനി രണ്ടു പേര്‍ക്കു വീതം അംഗത്വം നല്‍കുന്ന കാര്യം ആലോചിക്കും.
തദ്ദേശ സ്ഥാപന ഭരണസമിതികളിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ വേണമെന്ന അവരുടെ സംഘടനയുടെ ആവശ്യം പരിഗണിക്കാനാവില്ല. അത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. എന്നാല്‍ ക്ഷേമനിധി രൂപീകരിക്കണമെന്ന ആവശ്യം പരിഗണിക്കും.
എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗത്തില്‍ 225 എന്‍ജിനീയര്‍മാരെ നിയമിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തോടെ ഈ വിഭാഗത്തിലെ എല്ലാ ഒഴിവുകളും നികത്തും.
ലൈറ്റ് ഭവന പദ്ധതിയുടെ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ 1521 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അഴിമതിയുണ്ടെന്നു വിജിലന്‍സ് പറയുന്നത് തദ്ദേശസ്വയംഭരണ വകുപ്പിലല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ ഉണ്ടായിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. അഴിമതിക്കെതിരേ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അഴിമതിയെക്കുറിച്ചു പൊതുജനങ്ങള്‍ക്കു പരാതിപ്പെടാന്‍ ഫോര്‍ ദി പീപ്പിള്‍ എന്ന വെബ് പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതി നല്‍കാന്‍ പരാതിപ്പെട്ടി സ്ഥാപിക്കും. കാര്‍ഷിക പഞ്ചായത്തുകള്‍ പ്രത്യേക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."