ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം കണ്ണൂര്‍ ഒന്നാമന്‍
കണ്ണൂര്‍: പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ 87.22 ശതമാനം വിജയത്തോടെ കണ്ണൂര്‍ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജില്ലയില്‍ 26 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി. നാല് വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹരായി. 335 വിദ്യാര്‍ഥികളെയും വിജയിപ്പിച്ച കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ രണ്ടാമത്തെ സ്‌കൂള്‍ കൂടിയാണ് കടമ്പൂര്‍. കാരക്കുണ്ട് ഡോണ്‍ബോസ്‌കോ സ്പീച്ച് ആന്‍ഡ് ഹിയറിങ് എച്ച്.എസ്.എസ്, സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് കണ്ണൂര്‍, റാണിജയ് എച്ച്.എസ്.എസ് നിര്‍മലഗിരി എന്നിവയാണ് മറ്റു സ്‌കൂളുകള്‍. 99 ശതമാനത്തിന് മുകളില്‍ വിജയം നേടിയ വിദ്യാലയങ്ങള്‍ കണ്ണൂരില്‍ നാലെണ്ണവും ഒന്ന് മാഹിയിലുമാണ്. ഗവ. എച്ച്.എസ്.എസ് രാമന്തളി, സെന്റ് കോര്‍ണോളിയസ് എച്ച്.എസ്.എസ് കോളയാട്, സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് അങ്ങാടിക്കടവ്, സെന്റ് തെരേസാസ് എച്ച്.എസ്.എസ് കണ്ണൂര്‍, എക്‌സല്‍ പബ്ലിക് എച്ച്.എസ്.എസ് ചാലക്കര എന്നീ സ്‌കൂളുകളാണിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."