കണ്ണൂരിലെ രാഷ്ട്രീയം വരമ്പത്തെ കൂലിയോ
കണ്ണൂരെന്നു കേട്ടാല്‍ ഞെട്ടിത്തരിക്കുന്ന മനസിനെ വീണ്ടും മുറിവേല്‍പ്പിച്ചിരിക്കുകയാണ് കഴിഞ്ഞദിവസം പയ്യന്നൂരില്‍ കൊല്ലപ്പെട്ട ചൂരക്കാട് ബിജുവെന്ന മുപ്പത്തിയൊന്നുകാരന്റെ കൊലപാതകം. കഴുത്തറുത്ത് അരിശം തീരാത്ത ആക്രമിസംഘം വയറു കുത്തിക്കീറി കുടല്‍മാല പുറത്തെടുത്ത ഭീകരത ഓര്‍ക്കാന്‍കൂടി വയ്യ.
ഇന്നോവ കാറില്‍ വന്നു ബിജു സഞ്ചരിച്ച ബൈക്കിലിടിച്ചു വിഴ്ത്തി കൃത്യം നടത്തിയപ്പോള്‍ ഓര്‍മവരുന്നതു നാദാപുരം തൂണേരിയിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ പത്തൊന്‍പതുകാരന്‍ കണിയാറമ്പത്ത് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനംചെയ്യാന്‍ ഒരേ രീതി ഇവര്‍ക്കെവിടെന്നു കിട്ടിയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്‌കൂട്ടറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന അസ്‌ലമിനെ ഇന്നോവ കാര്‍ ഇടിച്ചു വിഴിത്തിയശേഷം മുഖത്തും കഴുത്തിനും വയറ്റിനും ആഞ്ഞാഞ്ഞു വെട്ടി മരണം ഉറപ്പിക്കുകയായിരുന്നു. ടി.പി ചന്ദ്രശേഖരനെയും കൊലപ്പെടുത്തിയതു സമാനമായാണ്. കടത്തനാടിന്റെ മണ്ണില്‍ കണ്ണൂരിലെ രാഷ്ട്രീയക്രിമിനല്‍ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണചെയ്ത കോടതിയെപ്പോലും ഞെട്ടിച്ചതായിരുന്നു ആ ഭീകര കൊലപാതകം.
രാജ്യമാകെ അപലപിച്ചിട്ടും, ഒരിക്കലും ആവര്‍ത്തിക്കരുതെയെന്നു കേരളമാകെ നെഞ്ചുരുകി പ്രാര്‍ത്ഥിച്ചിട്ടും, കണ്ണൂരിലെ കൊലപാതകരാഷ്ട്രീയക്കാര്‍ അതു കൃത്യമായി ആസൂത്രണം ചെയ്തു വീണ്ടുംവീണ്ടും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പൊലിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൊലപാതകത്തിന്റെ ശാസ്ത്രരീതി എല്ലാ നിലയ്ക്കും ഒരുപോലെ.
തളിപ്പറമ്പിലെ അരിയില്‍ ശുക്കൂര്‍ എന്ന ഇരുപത്തിയൊന്നുകാരനെ കൊന്നുതള്ളാന്‍ വിധിച്ചൊരു രാഷ്ട്രീയക്കോടതിയുണ്ടിവിടെ. താലിബാനിസത്തെപ്പോലും വെല്ലുന്ന കോടതി. നീതിന്യായകോടതി വിട്ടയച്ചാല്‍പോലും തെരുവിലിട്ടു ശിക്ഷ നടപ്പാക്കുന്ന ചുവപ്പന്‍ കോടതി.
എന്തായാലും, കോടതിയെയും പൊലിസിനെയും മറികടന്നു രാഷ്ട്രീയയജമാനന്മാരുടെ നീതി നടപ്പാക്കാന്‍ ജനാധിപത്യഭരണ വ്യവസ്ഥ ആരെയും അനുവദിക്കുന്നില്ല. കണ്ണൂരിന്റെ മണ്ണില്‍ ബി.ജെ.പിയും സി.പി.എമ്മും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബോംബ് രാഷ്ട്രീയവും വാക്കത്തിരാഷ്ട്രീയവുംകൊണ്ട് അവയവങ്ങള്‍ നഷ്ടപ്പെടുത്തി അംഗവിഹീനരാക്കിയും ഭാര്യയെ വിധവയാക്കിയും കുടുംബത്തെ പട്ടിണിയിലാക്കിയും ഉറഞ്ഞുതുള്ളുന്ന രാഷ്ട്രീയക്രമിനലുകള്‍ക്കു സുഖലോലുപ ജീവിതം നയിക്കാന്‍ അവസരം നല്‍കുന്നവര്‍ ഓര്‍ക്കണം തങ്ങളാല്‍ വഴിയാധാരമാകുന്നതു കുടുംബങ്ങളുടെ അത്താണികളാണെന്ന്.
കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെയും അമ്മയുടെ മുന്നിലിട്ടു മകനെയും മക്കളുടെ മുന്നിലിട്ട് അച്ഛനെയും ഭാര്യയുടെ മുന്നില്‍ വച്ചു ഭര്‍ത്താവിനെയും ജനമധ്യത്തില്‍വച്ചു നിരപരാധികളെയും വെട്ടിനുറുക്കി കൊലപ്പെടുത്തിയ രാഷ്ട്രീയം അതാണു കണ്ണൂരിലെ ചുവപ്പന്മാരുടെയും കാവിക്കാരുടെയും രാഷ്ട്രീയം. വരമ്പത്തെ കൂലിയെ ന്യായീകരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയും ആ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ മുഖ്യമന്ത്രിയും ജനങ്ങളോടു വിളിച്ചു പറയേണ്ടിയിരിക്കുന്നു, ഈ സര്‍ക്കാര്‍ അനുസരിക്കുന്നത് നാട്ടിലെ നിയമമാണോ പാര്‍ട്ടിയുടെ നിയമമാണോയെന്ന്.
ഭാരതം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും വിചാരിച്ചാല്‍ മാത്രമേ കണ്ണൂരിന്റെ കണ്ണുനീര്‍ തുടക്കാനാവൂ. കാരണം, കണ്ണൂരിനെ ചോരക്കളമാക്കുന്നത് അവരാണ്. ചോരയ്ക്കു ചോര, കണ്ണിനു കണ്ണ് എന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കണ്ണൂര്‍ രാഷ്ട്രീയമാതൃക നടപ്പാക്കാനല്ല ഇവര്‍ക്കൊക്കെ ജനങ്ങള്‍ അധികാരം നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."