ജനറിക് മരുന്നുകള്‍ ലഭ്യമാകണം
മുന്‍പെങ്ങുമില്ലാത്ത വിധം രോഗങ്ങള്‍ പെരുകുകയും അതിനനുസൃതമായി മരുന്നുവില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ ജനറിക് മരുന്നുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു എന്നത് ആശാവഹമാണ്. ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് ജനങ്ങളിലധികവും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് അതിന് തക്കവണ്ണം ചികിത്സ നടത്തുവാന്‍ കഴിവില്ലാത്തവരാണ് വലിയൊരു വിഭാഗം ജനങ്ങളും. ഹൃദ്രോഗികള്‍ക്കുള്ള സ്റ്റെന്റുവിലകളുടെ ക്രമാതീതമായ വര്‍ദ്ധന കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ ജനറിക് മരുന്നുകളുടെ വ്യാപനത്തോടെ ഇപ്പോഴുള്ള മരുന്നുകളുടെ വിലകള്‍ കുറയുമെന്ന് കരുതാം. മരുന്നുകളുടെ കുറിപ്പടികള്‍ ഡോക്ടര്‍മാര്‍ എഴുതുന്നത് ബ്രാന്റ് നെയി(കച്ചവടനാമം)മുകളിലാണ്. അത് മാറ്റി ജനറിക് നാമങ്ങളില്‍ തന്നെ എഴുതണമെന്നാണ് ഒരാവശ്യം. ഉല്‍പാദനത്തിന്റെ രാസനാമമാണ് ജനറിക് എന്നത്. ബ്രാന്റ് നെയിം ആകട്ടെ അത് കച്ചവടത്തിനായി വിവിധ പേരുകളില്‍ വിപണിയില്‍ ഇറക്കുന്നതും. പാരസറ്റാമോള്‍ എന്നത് ജനറിക് നാമമാണ്. അതേ സമയത്ത് ബ്രാന്റ് നെയിമില്‍ കിട്ടുമ്പോള്‍ അത് കാല്‍പോള്‍, ക്രോസിന്‍ എന്നിവ ആയി മാറുന്നു. വിലയും കൂടുന്നു. മരുന്ന് രണ്ടും ഒരേ മൂലകമാണെങ്കിലും കെട്ടിലും മട്ടിലും പാക്കിംഗിലും ബ്രാന്റ് മരുന്നുകള്‍ വ്യത്യസ്ഥത തോന്നിപ്പിക്കും. ഇതുവഴി മരുന്നുല്‍പാദകര്‍ വമ്പിച്ച ലാഭമാണ് കൊയ്യുന്നത്. ഇതിനെതിരായിട്ടാണ് ഇപ്പോള്‍ ജനവികാരം ഉയര്‍ന്നു വന്നിരിക്കുന്നതും മരുന്നുകളെല്ലാം ജനറിക് ആകണമെന്ന ആവശ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടിയതും.
മരുന്നുകള്‍ ജനറിക് നാമങ്ങളില്‍ വിപണികളില്‍ ലഭ്യമാകുമ്പോള്‍ വിലയില്‍ ഗണ്യമായ കുറവുണ്ടാകും. ഒരേ കമ്പനി തന്നെ ജനറിക് മരുന്നുകളും ബ്രാന്റ് നെയിം മരുന്നുകളും വിപണിയില്‍ ഇറക്കുന്നുണ്ട്. വില വ്യത്യാസങ്ങളില്‍ നിന്നും ഉപഭോക്താവിന് ഇത് അറിയുവാനും കഴിയും.
വിദേശ രാജ്യങ്ങളില്‍ നേരത്തെ തന്നെ ജനറിക് മരുന്നുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഇതിന്റെ ആവശ്യം ഉയര്‍ന്നപ്പോള്‍ എതിര്‍പ്പുകളും ഉയര്‍ന്നു. കുത്തക മരുന്ന് കമ്പനികളാണ് എതിര്‍പ്പുകളുമായി രംഗത്തു വന്നത്. ചെറിയ രോഗങ്ങള്‍ക്ക് പോലും ബ്രാന്റ് മരുന്നുകള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളില്‍ നിന്നും കിട്ടുന്ന പാരിതോഷികങ്ങള്‍ മോഹിച്ചാണ് അപ്രകാരം ചെയ്യുന്നത്. ജനറിക് മരുന്നുകള്‍ ലഭ്യമാകുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഈ സാധ്യതയാണ് ഇല്ലാതാവുക. അത്തരം ഡോക്ടര്‍മാരില്‍ നിന്നും ജനറിക് മരുന്നുകള്‍ക്കെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികം. നിസ്സാര രോഗങ്ങള്‍ക്ക് വന്‍ വില കൊടുത്ത് കച്ചവട നാമത്തിലുള്ള മരുന്നുകള്‍ വാങ്ങുന്ന രോഗികളില്‍ പലര്‍ക്കും ഇതിനുള്ളിലെ തിരിമറി അജ്ഞാതമാണ്. വിദേശങ്ങളില്‍ വില കൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്ന ഡോക്ടര്‍മാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. തിരിച്ചറിയാത്ത രോഗങ്ങള്‍ക്ക് പോലും ബ്രാന്റ് മരുന്നുകള്‍ എഴുതി മരുന്നു കമ്പനികളെ പിന്നെയും കൊഴുപ്പിക്കുന്ന ചില ഡോക്ടര്‍മാരെങ്കിലും ഉണ്ട്. ഇന്ത്യയിലെ മരുന്ന് ഉല്‍പാദനത്തെ കുറിച്ചും അതിന്റെ വിപണനത്തെ കുറിച്ചും പഠിച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ 1975 ല്‍ സര്‍ക്കാര്‍ ഹാഥി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട ് പാര്‍ലമെന്റില്‍ വെക്കുകയുമുണ്ടായി. റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് രാജ്യത്തെ മരുന്നുകളില്‍ ഭൂരിഭാഗവും കച്ചവട നാമത്തിലുള്ളതാണെന്നും ഇതു വഴിവിട്ട രീതിയാണെന്നും തീര്‍ത്തും കച്ചവട താല്‍പര്യമാണ് ബ്രാന്റ് നാമങ്ങളില്‍ നിഴലിക്കുന്നതെന്നുമായിരുന്നു.
റിപ്പോര്‍ട്ടിനെതിരെ രാജ്യത്തെ മരുന്നു നിര്‍മാതാക്കള്‍ എതിര്‍പ്പുമായി രംഗത്തു വന്നപ്പോള്‍ പിന്നെ അതേക്കുറിച്ച് ഏറെയൊന്നും കേട്ടില്ല. ഒരു ലക്ഷത്തിലേറെ ബ്രാന്റ് നാമങ്ങളില്‍ എണ്ണായിരത്തിനടുത്ത് മരുന്നുകള്‍ ഇന്ത്യയില്‍വിപണികളില്‍ ഉണ്ട്. ഒറ്റയടിക്ക് ഇതെല്ലാം പിന്‍വലിച്ച് പകരം ജനറിക് മരുന്നുകള്‍ കൊണ്ടുവരാനാവില്ല. അതിനാല്‍ ഓരോ ബ്രാന്‍ഡ് നെയിം മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അതിനു പകരം ജനറിക് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാകണം. ഇതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ട ബാധ്യത നിര്‍മാതാക്കള്‍ക്കുണ്ട്. കച്ചവട നാമങ്ങളില്‍ നിന്നും ജനറിക് നാമങ്ങളിലേക്ക് നമ്മുടെ മരുന്നുകള്‍ മാറുമ്പോള്‍ 30 ശതമാനം മുതല്‍ 200 ശതമാനം വരെ വിലയില്‍ കുറവുണ്ടാകും. ലക്ഷക്കണക്കിന് രോഗികള്‍ക്ക് വലിയൊരാശ്വാസമായിത്തീരുകയില്ലേ ഈ മാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."