ജസീന്ത മന്ത്രിസഭയില്‍ ഇടം നേടി മലയാളി; പ്രിയങ്ക രാധാകൃഷ്ണന് സാമൂഹ്യ യുവജനക്ഷേമ മന്ത്രി
ഓക്ലാന്‍ഡ്: ന്യൂസിലന്‍ഡില്‍ മന്ത്രിയായി മലയാളിയും. പ്രിയങ്കാ രാധാകൃഷ്നാണ് ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് പ്രിയങ്കക്കുള്ളത്.2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2019ല്‍ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.
പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍ഡിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന് പ്രിയങ്കയോടൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
ന്യൂസിലന്‍ഡില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്ഡന് മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയാണ് ജസീന്തയുടെ ലേബര്‍ പാര്‍ട്ടി രണ്ടാംവട്ടം അധികാരത്തിലേറിയത്. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. 49 ശതമാനം വോട്ടാണ് നേടിയത്.
1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍ഡില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."