ഗിരീഷ് കര്‍ണാടും യാത്രയാകുമ്പോള്‍
പ്രമുഖ കന്നഡ എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനും നാടക രചയിതാവും സംവിധായകനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി ബുക്‌സില്‍നിന്ന് വാങ്ങി താല്‍പര്യപൂര്‍വം വായിച്ച, അദ്ദേഹത്തിന്റെ 'ടിപ്പു സുല്‍ത്താന്റെ സ്വപ്നങ്ങളും ബലിയും' എന്ന നാടകമാണ് ഓര്‍മയിലെത്തിയത്. അതിന്റെ മുഖവുരയില്‍ അദ്ദേഹം ടിപ്പു സുല്‍ത്താനെ പറ്റി കുറിച്ചിട്ട വരികളില്‍നിന്ന് അദ്ദേഹത്തിന്റെ ചരിത്രബോധവും രാഷ്ട്രീയ സത്യസന്ധതയും മതനിരപേക്ഷ മനസും വായിച്ചെടുക്കാനാവും. സംഘ്പരിവാര്‍ ശക്തികളുടെ വിളയാട്ടം കന്നട മനസിനെ വര്‍ഗീയമായി ശിഥിലീകരിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലും പരമ്പരാഗത മൂല്യങ്ങളില്‍ ഊന്നി നിന്നു തന്നെ സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും ധൈര്യം കാട്ടിയ ഡോ.കര്‍ണാട്, കൊടും തമസിലും പ്രതീക്ഷയുടെ രജതരേഖയായി നിലകൊണ്ടു.
കുട്ടിക്കാലം മുതലേ യക്ഷഗാന കലയിലും നാടകരചനയിലും അതീവ തല്‍പ്പരനായിരുന്ന കര്‍ണാട്, കന്നടയില്‍ നിരവധി നാടകങ്ങളും തിരക്കഥകളും രചിച്ചു. തുഗ്ലക് വംശജനായ മുസ്‌ലിം ചക്രവര്‍ത്തി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ജീവിതം ആധാരമാക്കിയെഴുതിയ തുഗ്ലക്ക്, മഹാഭാരതകഥകള്‍ പുനരാവിഷ്‌കരിച്ച യയാതി, ഹയവദന തുടങ്ങിയ നാടകങ്ങള്‍ രാജ്യാന്തര പ്രശസ്തി നേടി. തുടര്‍ന്നും ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന നിരവധി പ്രശസ്ത നാടകങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പിറവി കൊണ്ടു. ചലച്ചിത്രരംഗത്തും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി അദ്ദേഹം തിളങ്ങി. മലയാളചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളിലെല്ലാം എപ്പോഴും നീതിയുടെയും സത്യത്തിന്റെയും മനുഷ്യത്വത്തിന്റേയും പക്ഷത്ത് നിലകൊണ്ട ഗിരീഷ് കര്‍ണാട്, അതുകൊണ്ട് തന്നെ മുസ്‌ലിം, ദലിത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ അനുഭാവപൂര്‍വം നോക്കിക്കാണുകയും അവയ്ക്കനുകൂലമായി നിര്‍ഭയം ശബ്ദമുയര്‍ത്തുകയും ചെയ്തു. അതിന്റെ പേരില്‍ അദ്ദേഹത്തിന് സംഘ്പരിവാര്‍ ശക്തികളില്‍നിന്ന് കടുത്ത എതിര്‍പ്പുകളും ഭീഷണികളും നേരിടേണ്ടി വന്നു.
2012ല്‍ മുംബൈയില്‍ നടന്ന ടാറ്റാ ലിറ്റററി ഫെസ്റ്റിവലില്‍ പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ട അദ്ദേഹം, വി.എസ് നയ്പാളിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ ഖണ്ഡിക്കുകയും ഫെസ്റ്റിവലിനോടനുബന്ധിച്ച് നയ്പാളിനെ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ച സംഘാടകരുടെ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്ത നടപടിക്ക് ഏറെ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു.
കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരില്‍ ജനങ്ങളെ വര്‍ഗീയമായി ഇളക്കിവിട്ട് സംസ്ഥാനത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ കിണഞ്ഞു ശ്രമിച്ച വേളയിലും അദ്ദേഹം ടിപ്പുവിനെ പറ്റിയുള്ള തന്റെ സത്യസന്ധമായ നിലപാട് തുറന്നുപറയാന്‍ മടിച്ചില്ല. അതിന്റെ പേരില്‍ അവരില്‍നിന്ന് കടുത്ത എതിര്‍പ്പും ഭീഷണിയും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ബംഗളൂരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് കെംപെഗൗഡയുടെ പേരിന് പകരം ടിപ്പു സുല്‍ത്താന്റെ പേര്‍ നല്‍കുകയായിരുന്നു കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരം പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശക്തികളുടെ രോഷം ക്ഷണിച്ചു വരുത്തിയെങ്കിലും തന്റെ നിലപാടില്‍നിന്ന് ഒരിക്കലും അദ്ദേഹം പിന്നോട്ട് പോയില്ല.
2005 സെപ്റ്റംബര്‍ 13ന് ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിപ്പുവിനെ എക്കാലത്തെയും മഹാനായ കന്നട പുത്രനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം പറയുന്നു: ' ടിപ്പു ചിന്തകനും ദാര്‍ശനികനുമായിരുന്നു. ടിപ്പു കര്‍ണാടകയുടെ ഏറ്റവും നല്ല വശത്തേയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തെ സ്വന്തം നാട്ടുകാര്‍ തന്നെ ശരിയായി മനസിലാക്കിയില്ല. ടിപ്പുവിനെ കുറിച്ച് ഒട്ടേറെ അസത്യങ്ങള്‍ പ്രചരിക്കപ്പെട്ടു. ടിപ്പുവിനെ പറ്റി ആദ്യ കാലത്ത് എഴുതപ്പെട്ട കൃതികളില്‍ മന:പൂര്‍വം ഇത്തരം തെറ്റായ വിവരങ്ങള്‍ ചേര്‍ക്കപ്പെട്ടു. അദ്ദേഹത്തെ കളങ്കപ്പെടുത്തുക ബ്രിട്ടീഷ് ചരിത്രകാരന്‍മാരുടെ ആവശ്യമായിരുന്നു. കാരണം, ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലുയര്‍ത്തിയ വെല്ലുവിളിയെ ഏറ്റവും ശക്തമായി പ്രതിരോധിച്ച ആളാണദ്ദേഹം.'
ഡോ. ഗിരീഷ് തുടരുന്നു: '1996 ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് റേഡിയോ നാടകം എഴുതാന്‍ ബി.ബി.സി ചാനല്‍ എന്നെ ചുമതലപ്പെടുത്തി. ഇന്ത്യ, ബ്രിട്ടീഷ് ബന്ധത്തിന്റെ ഏതെങ്കിലും ഒരു തലത്തെ ആസ്പദമാക്കിയാവണം കഥാതന്തു എന്ന് ചാനല്‍ വ്യക്തമാക്കിയിരുന്നു. മനസിലേക്ക് ആദ്യം ഓടിയെത്തിയത് ടിപ്പു സുല്‍ത്താനായിരുന്നു. ആധുനിക ഇന്ത്യ കണ്ട രാഷ്ട്രീയ പ്രബുദ്ധതയുള്ള വ്യക്തികളിലൊരാള്‍. സര്‍വോപരി ദുരന്ത നായകനും.
അതുല്യനായ ഈ യോദ്ധാവ് ഗോപ്യമാക്കി സൂക്ഷിച്ചുവച്ചിരുന്ന സ്വപ്നങ്ങളുടെ രേഖകളിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് പരേതനായ എ.കെ രാമാനുജമായിരുന്നു. നാടകകൃത്തുകളെ ടിപ്പു എന്നും ആകര്‍ഷിച്ചിട്ടുണ്ട്. 1891 ല്‍ തന്നെ ലണ്ടനിലെ കവന്റ് ഗാര്‍ഡനില്‍'ടിപ്പു സാഹിബ്, അഥവാ ബ്രിട്ടീഷ് വേലര്‍ ഇന്‍ ഇന്ത്യ' എന്ന നാടകം അരങ്ങേറുകയുണ്ടായി. അതിന്റെ ചുവടുപിടിച്ച് അനേകം ദൃശ്യശബളമായ രംഗാവിഷ്‌കാരങ്ങളും നടന്നു. കര്‍ണാടകയില്‍ നാടോടിപ്പാട്ടുകളിലെ വീരനായകരില്‍ എന്നും ടിപ്പുവുമുണ്ടായിരുന്നു. ടിപ്പുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള മൂന്നോളം കന്നടാവിഷ്‌കാരങ്ങള്‍ ഇക്കാലയളവില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഗ്രാമീണ കലാകാരന്‍മാരുടെ നാടോടി നാദ്യസംഘങ്ങളായിരുന്നു അവയില്‍ രണ്ടെണ്ണവും അവതരിപ്പിച്ചത്.'
ടിപ്പു സുല്‍ത്താനെ സംബന്ധിച്ചു മാത്രമല്ല, കര്‍ണാടകയില്‍ വിശേഷിച്ചും ഇന്ത്യയില്‍ പൊതുവേയും മതേതരത്വം ഭീഷണി നേരിടുന്ന വേളകളിലെല്ലാം അദ്ദേഹം ശക്തമായി പ്രതികരിച്ചു. എഴുത്തുകാരന്‍ കല്‍ ബുര്‍ഗിയുടെയും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും ദാരുണമായ കൊലപാതകങ്ങള്‍ കണ്ടിട്ടും കുലുങ്ങിയില്ലെന്ന് മാത്രമല്ല, അതിനെതിരേ ശക്തമായ എതിര്‍പ്പും പ്രതിഷേധവുമായി ഇറങ്ങിയവരുടെ മുന്‍നിരയില്‍ ഗിരീഷ് കര്‍ണാട് നിലകൊണ്ടു.
സാമൂഹിക പ്രവര്‍ത്തകരെ മാവോയിസ്റ്റ് എന്നാരോപിച്ച് ഭരണകൂടം ജയിലിലടച്ചപ്പോഴും കര്‍ണാട് അടങ്ങിയിരുന്നില്ല. ഞാനും മാവോയിസ്റ്റാണെന്ന് അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചു. കാപാലികരുടെ ഹിറ്റ്‌ലിസ്റ്റില്‍ കര്‍ണാടിന്റെ പേരും ഉണ്ടായിട്ടും തന്റെ സത്യസന്ധമായ നിലപാടില്‍നിന്ന് അണു അളവ് വ്യതിചലിച്ചില്ല. ഒടുവില്‍ 81-ാംവയസില്‍ സ്വാഭാവിക മരണം തേടിയെത്തും വരെയും ഈ നിലപാടില്‍ കര്‍ണാട് അയവുവരുത്തിയതേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."