കോട്ടപ്പുറം പുഴക്കുമുകളില്‍ കൂടി പോകുന്ന വൈദ്യുതിലൈന്‍ അപകട ഭീഷണിയുയര്‍ത്തുന്നു
നീലേശ്വരം: കോട്ടപ്പുറം വൈകുണ്ഡേശ്വരം ക്ഷേത്രം ഓഡിറ്റോറിയത്തിനു പിന്നിലൂടെ കോട്ടപ്പുറം പുഴക്കു മുകളില്‍ കൂടി പോകുന്ന വൈദ്യുതിലൈന്‍ അപകടഭീഷണിയുയര്‍ത്തുന്നു. നീലേശ്വരം മാര്‍ക്കറ്റ് റോഡില്‍നിന്ന് ആനച്ചാല്‍ കോട്ടപ്പുറം-കൊയാമ്പുറത്തേക്കു പോകുന്ന 11 കെ.വി എച്ച്.ടി ലൈന്‍ വെള്ളത്തിലേക്കു താണുനില്‍ക്കുന്നതാണ് അപകടത്തിനു വഴിയൊരുക്കുന്നത്.
വെള്ളത്തിലേക്കു താണു നില്‍ക്കുന്നതിനാല്‍ തോണിയില്‍ ഇതിനു കീഴിലൂടെ കടന്നു പോകുന്ന മണല്‍ത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ് വൈദ്യുതിലൈന്‍ ഭീഷണിയായിരിക്കുന്നത്.
മഴക്കാലത്തു പുഴയില്‍ വെള്ളം പൊങ്ങിയാല്‍ വൈദ്യുതി ലൈനില്‍ മുട്ടും. പുഴക്കു കുറുകെ കമ്പി വലിക്കുമ്പോഴുള്ള മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പുഴയില്‍ വൈദ്യുതിലൈന്‍ കടന്നു പോകുന്ന രണ്ടു തൂണുകളും ഒരു ഭാഗത്തേക്കു ചെരിഞ്ഞ് ഏതു നിമിഷവും വീഴാന്‍ പാകത്തിലാണുള്ളത്. കൂടാതെ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ ഉത്സവസമയങ്ങളിലും തിങ്ങി കൂടുന്ന ജനങ്ങള്‍ക്കും ഈ വൈദ്യുതിലൈന്‍ ഭീഷണിയാണ്. എല്ലാ ആഴ്ചകളിലും ഇവിടത്തെ ഓഡിറ്റോറിയത്തില്‍ വിവാഹവും മറ്റു പരിപാടികളും നടക്കുന്നതിനാല്‍ ഇതിലേ കൂടി പോകുന്ന വൈദ്യുതിലൈന്‍ ഏതു നിമിഷവും അപകടസാധ്യതയുയര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."