ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ്; ഡിജിറ്റൽ ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ നീക്കം
റിയാദ്: ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി സഊദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രംഗത്ത്. കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയുന്ന പദ്ധതികളിലാണ് സഊദി ഇൻവെസ്റ്റ്മെന്റ്റ് ഫണ്ട് നിക്ഷേപമിറക്കുന്നത്. ഏറ്റവും ഒടുവിലായി ഇന്ത്യയിലെ ഡിജിറ്റൽ ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, ഈ വർഷാദ്യം പ്രമുഖ ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ ജിയോ പ്ലാറ്റ്ഫോമുകളുടെ ബിസിനസിൽ 2.32 ശതമാനം ഓഹരി ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ പുതിയ നിക്ഷേപവുമായി സഊദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രംഗത്തെത്തിയത്. ദേശീയ സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് പി.ഐ.എഫ് അന്താരാഷ്ട്ര മാർക്കറ്റുകളിൽ നിക്ഷേപിക്കാനുള്ള പുതിയ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പി.ഐ.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നായാണ് ഡിജിറ്റൽ ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലെ നിക്ഷേപത്തെ കരുതുന്നത്. ഈ വിപണികളിൽ ഏറ്റവും നിക്ഷേപ സാധ്യത ഇന്ത്യയിലാണെന്നത് കണ്ടാണ് ഇന്ത്യയിലെ ഈ രംഗത്തേക്ക് സഊദിയെ എത്തിച്ചത്. ഇന്ത്യൻ വിപണികളെ പോലെ ഭാവിയിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള എല്ലാ കമ്പനികളിലും നിക്ഷേപം നടത്താൻ പദ്ധതിയുണ്ടെന്ന് പി.ഐ.എഫ് വക്താവ് അറിയിച്ചു. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ സുപ്രധാന നീക്കമായാണ് പി.ഐ.എഫ് പ്രവർത്തനങ്ങളെ ഗവൺമെന്റ് നോക്കിക്കാണുന്നത്. പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തിയും അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപം വർധിപ്പിച്ചുമാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ നയങ്ങൾക്ക് രൂപം നൽകുന്നത്.
സാമ്പത്തിക മേഖലക്ക് പുറമെ ബാങ്കിംഗ്, ഊർജം, സാങ്കേതികവിദ്യ, വ്യോമയാനം, ഗതാഗതം, ടൂറിസം, മാധ്യമം, വിനോദം, ഇൻഫ്രാസ്ട്രക്ചർ, ഫാർമസ്യൂട്ടിക്കൽസ്, കമ്യൂണിക്കേഷൻ, ഭക്ഷണ പാനീയങ്ങൾ തുടങ്ങി വിവിധ സുപ്രധാന മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സഊദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."