ആണ്‍കോയ്മയുടെ സ്ത്രീവിരുദ്ധത
ഒരിടവേളയ്ക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വായില്‍ നിന്നും സ്ത്രീവിരുദ്ധ പരാമര്‍ശം വീണിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്‍പില്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന വഞ്ചനാദിനാചരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. വിവാദമായതോടെ അദ്ദേഹം മാപ്പു ചോദിക്കുകയും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ജൂണിലായിരുന്നു മറ്റൊരു സ്ത്രീവിരുദ്ധ പരാമര്‍ശം അദ്ദേഹത്തില്‍ നിന്നുണ്ടായത്. കൊവിഡ് കാലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ വിമര്‍ശിച്ച് നടത്തിയ പ്രസ്തുത സ്ത്രീവിരുദ്ധ പരാമര്‍ശം. നിപാ രാജകുമാരി പട്ടം നേടിയെടുത്ത ആരോഗ്യമന്ത്രി കൊവിഡ് റാണിപ്പട്ടം നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്നും പ്രതിരോധ പ്രവര്‍ത്തന രംഗത്ത് അവര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മാത്രമാണെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന വിവാദമാവുകയായിരുന്നു. അതിനു പിറകെയാണ് കുറെക്കൂടി രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തില്‍ നിന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ വാക്പ്രയോഗം ഉണ്ടായിരിക്കുന്നത്.
വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അടക്കം വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുടെ രൂക്ഷമായ വിമര്‍ശനമാണ് മുല്ലപ്പള്ളിക്കെതിരേ ഉയര്‍ന്നത്. വനിതാ കമ്മിഷന്‍ മുല്ലപ്പള്ളിക്കെതിരേ സ്വയം കേസെടുക്കുകയും ചെയ്തു. അതൊരു നല്ല കീഴ്‌വഴക്കമാണെങ്കിലും, വലത്, ഇടത് മുന്നണി ഭേദമില്ലാതെ സ്ത്രീകള്‍ക്കെതിരേ അധിക്ഷേപങ്ങള്‍ ചൊരിയുന്നത് വര്‍ധിക്കുകയാണ്. പെണ്ണ് ഉള്ളിടത്ത് ബലാത്സംഗം ഉണ്ടാകുമെന്നും അമേരിക്കയില്‍ ചായ കുടിക്കുന്നത് പോലെയാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഫലിതോക്തികളില്‍ പെടുത്താന്‍ കേരളീയ സമൂഹം സന്നദ്ധമായില്ല. മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെതിരേ മത്സരിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് ലതികാ സുഭാഷിനെതിരേ വി.എസ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേയും വന്‍വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രമ്യാ ഹരിദാസിനെതിരേ വളരെ മോശം ഭാഷയില്‍, ഇപ്പോഴത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശങ്ങളും മറക്കാറായിട്ടില്ല. ഇവിടെയൊന്നും വനിതാ കമ്മിഷന്‍ സ്വയം കേസെടുത്തതായി അറിവില്ല.
കക്ഷിരാഷ്ടീയ ചേരിപ്പോരുകളില്‍ ചേര്‍ത്തുവായിക്കപ്പെടേണ്ടതല്ല സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും അധിക്ഷേപങ്ങളും. കേരളം പിറവി കൊണ്ടിട്ട് 64 വര്‍ഷം പിന്നിടുമ്പോഴും സ്ത്രീയോടുള്ള പുരുഷാധിപത്യ മനോഘടനയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് തുടരെത്തുടരെ ഇരുമുന്നണി നേതാക്കളില്‍ നിന്നുപോലും ഉണ്ടാകുന്നത്. നേതാക്കളില്‍ നിന്നും ഇത്തരം വാക്ശരങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീയോടുള്ള സാധാരണക്കാരന്റെ അവബോധത്തില്‍ അടിഞ്ഞു കൂടിയ ഉപഭോഗവസ്തുവെന്ന ധാരണ എങ്ങനെയാണ് കഴുകിയെടുക്കാനാവുക.
സ്ത്രീയുടെ ആത്മാഭിമാനത്തെക്കുറിച്ച് ബോധമുള്ള പുരുഷന്റെ നാവില്‍ നിന്നും 'ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീക്ക് ആത്മാഭിമാനം ഉണ്ടായിരുന്നെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യുമായിരുന്നു'വെന്ന പരാമര്‍ശം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. മനുഷ്യസമൂഹത്തിന്റെ ഏറ്റവും നിന്ദ്യവും നീചവുമായ പ്രവൃത്തിയാണ് ബലാത്സംഗം. സ്ത്രീകള്‍ ശ്രദ്ധിക്കാത്തതു കൊണ്ടല്ല അവര്‍ ശാരീരികാക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. സ്ത്രീയെ ഒരു വ്യക്തി എന്നതിലുപരി, അവര്‍ കീഴ്‌പ്പെടുത്തേണ്ടവരാണെന്ന പുരുഷാധിപത്യത്തിന്റെ വേരുറച്ചു പോയ ധാരണകളാലാണ്. സ്ത്രീയെ വെറും ശരീരമായി കാണുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും പുരുഷമേധാവിത്വവും സ്ത്രീയെ അടിമയായും വില്‍പന വസ്തുവായും ഇപ്പോഴും കാണുന്നു. മാറ്റമില്ലാത്ത വൈകൃത മനോഭാവത്തിന്റെ തുടര്‍ച്ചയായി വേണം ഇതിനെ വിലയിരുത്താന്‍.
സഹപ്രവര്‍ത്തകയോട് വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോഴും വീടകങ്ങളില്‍ ബന്ധങ്ങളുടെ ഇഴയടുപ്പം പൊട്ടാതെ സൂക്ഷിക്കുമ്പോഴും ഏതവസരത്തിലും പുറത്തുചാടാന്‍ വെമ്പുന്ന ഒരു മൃഗം ഉള്ളില്‍ മുരളുന്നത് സ്ത്രീയെ ശരീരമെന്നതിലപ്പുറം വ്യക്തിയായി കാണാന്‍ കഴിയാത്തതിനാലാണ്. ഇന്നാകട്ടെ എല്ലാ അതിര്‍രേഖകളും ലംഘിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള വാക്കിലും നോട്ടത്തിലുമുള്ള അതിക്രമങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. കാലങ്ങളായിത്തുടര്‍ന്നുകൊണ്ടിരിക്കുന്ന, പെണ്ണ് അവളുടെ ഉടലിനാല്‍ അടയാളപ്പെടുത്തേണ്ട ഒരു വസ്തുവായി കാണുന്ന സാമൂഹികാവസ്ഥയാണ് ഇതിന്റെ അടിസ്ഥാനം. ആണിന്റെ ഇംഗിതത്തിന് വഴങ്ങാനുള്ള ഉപഭോഗവസ്തുവാണ് സ്ത്രീയെന്ന അധമബോധത്തില്‍ നിന്നാണ് അവരെ അപമാനിക്കുന്ന വാക്കുകളും പ്രവൃത്തികളും പുരുഷനില്‍ നിന്നും ഉണ്ടാകുന്നത്. ഇതിനാലൊക്കെയാണ് പെണ്‍ഉടല്‍ അങ്ങേയറ്റത്തെ അസ്വാതന്ത്ര്യം നേരിടേണ്ടി വരുന്നതും ഏതു നിമിഷവും ആക്രമിക്കപ്പെടുന്നതും.
തല കുനിച്ചു നില്‍ക്കേണ്ടവളാണ് സ്ത്രീയെന്ന പുരുഷമേധാവിത്വ ചിന്തകളാണ് അവരെ നിസാരമായി കാണാനും അവഹേളിക്കാനും മനസുണ്ടാകുന്നത്. ഒരു വശത്ത് അവരെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തിഭാവങ്ങളായി പുകഴ്ത്തുമ്പോഴും അവരുടെ ആത്മാഭിമാനത്തെ ചവിട്ടി തേയ്ക്കാന്‍ മടിയില്ലാത്ത ഒരു സമൂഹമായി നാം അധഃപതിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും മുന്‍പത്തേക്കാള്‍ അധികം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കാനും ഈ കാലത്ത് തുടങ്ങിയിട്ടുണ്ടെന്നത് വസ്തുതയാണ്. എങ്കില്‍പോലും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യാവസ്ഥ ഇപ്പോഴുമില്ല.
പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അവന്‍ മാത്രമേ പൂര്‍ണ മനുഷ്യനായുള്ളൂ എന്ന ചിന്തയാണുള്ളത്. സാമൂഹ്യ തുല്യത എന്ന നീതി സാര്‍ഥകമാകുമ്പോള്‍ മാത്രമേ ശരീരം എന്ന ബോധ്യത്തില്‍ നിന്നും സ്ത്രീക്കൊപ്പം പുരുഷനും പുറത്തു കടക്കാനാകൂ. സമൂഹം സ്ത്രീകളെ എന്ന് വ്യക്തികളായി പരിഗണിക്കുന്നുവോ അന്നേ സ്ത്രീകള്‍ക്കെതിരേ തുടര്‍ന്നുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ക്കും അവസാനമുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."