HOME
DETAILS
MAL
മധ്യപ്രദേശ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് അറ്റോര്‍ണി ജനറല്‍
backup
November 03 2020 | 00:11 AM
ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതിക്കു ജാമ്യം നല്‍കുന്നതിന് വിവാദ ഉത്തരവ് പുറപ്പെടുവിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കോടതി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ന്യായാധിപന്‍മാര്‍ വികാരപരമായി വിധി പറയുന്നത് ശരിയല്ലെന്നും ഇത്തരം വിഷയങ്ങളില്‍ അവര്‍ വിദ്യാഭ്യാസം നേടിയവരാകണമെന്നും അറ്റോര്‍ണി ജനറല്‍ പരാമര്‍ശിച്ചത്.
മധ്യപ്രദേശ് ഹൈക്കോടതിയില്‍നിന്നുണ്ടായ പരാമര്‍ശം തെറ്റാണെന്നു ചൂണ്ടിക്കാട്ടിയ അറ്റോര്‍ണി ജനറല്‍, ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാകില്ലെന്ന് നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയും സംസ്ഥാന അക്കാദമികളും പഠിപ്പിക്കണമെന്നും ന്യായാധിപര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ഇത്തരം കാര്യങ്ങള്‍ വിഷയമാക്കണമെന്നും വ്യക്തമാക്കി. ഇതോടെ, ഇക്കാര്യത്തില്‍ വിശദമായ നോട്ട് തയാറാക്കാനാവശ്യപ്പെട്ട കോടതി, ഹരജി മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.
ജൂലൈ 30നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. പീഡനക്കേസിലെ പ്രതിക്കു ജാമ്യം നല്‍കിയ കോടതി ജാമ്യവ്യവസ്ഥയായി നിശ്ചയിച്ച കാര്യങ്ങളായിരുന്നു വിവാദമായത്. പ്രതി ഭാര്യാസമേതം മധുരവുമായി ഇരയുടെ വീട്ടിലെത്തണമെന്നും അവര്‍ക്കു രാഖി കെട്ടിനല്‍കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും വേണമെന്നും അവള്‍ തിരിച്ചും രാഖി കെട്ടണമെന്നുമായിരുന്നു ഉത്തരവ്. ഇതു ചോദ്യം ചെയ്ത് ഒന്‍പത് വനിതാ അഭിഭാഷകരായിരുന്നു സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."