കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രവേശനം പട്ടികജാതിക്കാരെയും മറികടന്ന് മുന്നോക്ക സംവരണം
മലപ്പുറം: സാമ്പത്തിക സംവരണത്തിന്റെ മറവില്‍ നടക്കുന്ന സംവരണ അട്ടിമറി വിവാദമായിരിക്കെ ഇന്നലെ പൂര്‍ത്തിയായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അലോട്ട്‌മെന്റിലും മുന്നോക്ക വിഭാഗങ്ങള്‍ക്ക് ആവോളം അവസരം. സര്‍ക്കാര്‍ കോളജുകളിലെ ബിരുദ സീറ്റുകളിലേക്ക് നടത്തിയ മൂന്നാം അലോട്ട്‌മെന്റിലാണ് നാമമാത്ര ഇന്‍ഡക്‌സ് മാര്‍ക്കിന്റെ ആനുകൂല്യത്തില്‍ മുന്നോക്ക വിഭാഗങ്ങള്‍ ബിരുദ സീറ്റുറപ്പിച്ചത്. അതേസമയം മികച്ച ഇന്‍ഡക്‌സ് മാര്‍ക്ക് നേടിയ പട്ടികജാതി, മുസ്‌ലിം, ഈഴവ- തിയ്യ, ബില്ലവ വിഭാഗങ്ങള്‍ അലോട്ട്‌മെന്റ് ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്.
ഇന്‍ഡക്‌സ് മാര്‍ക്ക് 915 വരെയുള്ള പട്ടികജാതി വിദ്യാര്‍ഥിക്കാണ് മലപ്പുറം ജില്ലയിലെ മങ്കട ഗവ. കോളജില്‍ ബി.ബി.എ കോഴ്‌സിന് അലോട്ട്‌മെന്റ് ലഭിച്ചത്. എന്നാല്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 839 ഉള്ള മുന്നോക്ക ജാതിക്കാരനായ വിദ്യാര്‍ഥിക്ക് ഇതേ കോളജില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. 839 ഇന്‍ഡക്‌സ് മാര്‍ക്കുള്ള മുന്നോക്ക ജാതിക്കാരന് പ്രവേശനം ലഭിച്ച ഇതേ കോളജില്‍ അതേ കോഴ്‌സിന് ഇന്‍ഡക്‌സ് മാര്‍ക്ക് 1,117 ഉള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചില്ല എന്നതാണ് വിവേചനം.
ഇതേ കോളജില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 1,139 ഉള്ളവര്‍ക്കു വരെയാണ് മുസ്‌ലിം സംവരണത്തില്‍ ബി.കോമിന് അഡ്മിഷന്‍ ലഭിച്ചത്. ഈഴവ- തിയ്യ, ബില്ലവ വിഭാഗത്തില്‍ 1,118 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്കേ അലോട്ട്‌മെന്റ് ലഭിച്ചുള്ളൂ. എന്നാല്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 972 ഉള്ള മുന്നോക്ക വിഭാഗത്തിന് ഇവിടെ പ്രവേശനം ലഭിച്ചു.
പുതുതായി ആരംഭിച്ച കൊണ്ടോട്ടി ഗവണ്‍മെന്റ് കോളജിലും ഇതുതന്നെയാണ് അവസ്ഥ. മൂന്നാം അലോട്ട്‌മെന്റില്‍ ബി.കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ 47 കുട്ടികള്‍ക്ക് പ്രവേശനാനുമതി ലഭിച്ച ഇവിടെ 1,148 വരെ ഇന്‍ഡക്‌സ് മാര്‍ക്ക് നേടാനായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും 1,144 ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിച്ച ഈഴവ വിദ്യാര്‍ഥികള്‍ക്കും മാത്രമേ അലോട്ട്‌മെന്റ് ലഭിച്ചുള്ളൂ. ഇരുവിഭാഗത്തിലും അതിനു താഴെയുള്ളവര്‍ക്ക് അലോട്ട്‌മെന്റ് ഇല്ല. എന്നാല്‍ ഇതേ കോളജില്‍ മുന്നോക്ക സംവരണത്തിന്റെ ആനുകൂല്യത്തില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 1,025 ഉള്ള വിദ്യാര്‍ഥി വരെ പ്രവേശനം നേടി. സംവരണം വഴി ഇ.ടി.ബി നാല്, മുസ്‌ലിം നാല് സീറ്റുകളിലൊതുങ്ങിയപ്പോള്‍ മുന്നോക്ക വിഭാഗത്തിലെ അഞ്ചു പേര്‍ക്കാണ് ഈ കോഴ്‌സില്‍ അലോട്ട്‌മെന്റ് ലഭിച്ചത്.
ഇതേ കോളജിലെ ബി.എ ഫങ്ഷനല്‍ ഇംഗ്ലീഷിലും ജനറല്‍ അലോട്ട്‌മെന്റിന് തൊട്ടടുത്താണ് മുസ്‌ലിം സംവരണവും.
ജനറല്‍ വിഭാഗത്തില്‍ 1,439 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച പട്ടികയില്‍ 1,435 ഇന്‍ഡക്‌സ് മാര്‍ക്ക് നേടിയ മുസ്‌ലിം വിദ്യാര്‍ഥിക്കാണ് അവസാന പ്രവേശനം.
എന്നാല്‍ 1,247 ഇന്‍ഡക്‌സ് മാര്‍ക്ക് മാത്രം നേടിയ മുന്നോക്ക ജാതിക്കാരനു വരെ ഇതേ കോഴ്‌സിന് അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. ഈഴവ- തിയ്യ, ബില്ലവ വിഭാഗത്തില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 1,410 ഉള്ളവര്‍ക്കേ ഇതേ കോഴ്‌സില്‍ അലോട്ട്‌മെന്റ് ലഭിച്ചുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."