ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ്: ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു
പൊന്നാനി: ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പ്രവൃത്തികള്‍ക്ക് തുടക്കമായത്.
പൊന്നാനിയേയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തകര്‍ച്ചയിലായ ഷട്ടറുകളുടെ അറ്റകുറ്റപ്പണികളാണ് അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നത്. റഗുലേറ്റര്‍ നിര്‍മാണത്തിന് ശേഷം ആദ്യമായി നടത്തുന്ന ഓവര്‍റോളിങ് അടക്കമുള്ള അറ്റകുറ്റപ്പണികള്‍ക്കായി മുഴുവന്‍ ഷട്ടറുകളും നേരത്തെ അഴിച്ചു വെച്ചിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റഗുലേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നു. തുരുമ്പെടുത്ത് നശിച്ച ഷട്ടറുകളുള്‍പ്പെടെയുള്ളവ മാറ്റുന്ന പ്രവൃത്തികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ഇറിഗേഷന്‍ മെക്കാനിക്കല്‍ ഡിവിഷന്‍ മലമ്പുഴ, ഇറിഗേഷന്‍ മേജര്‍ സബ് ഡിവിഷന്‍ പൊന്നാനി എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ആറേഴ് വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും നടത്തേണ്ട പ്രവൃത്തികളാണിത്. അപ്രതീക്ഷിതമായി എത്തിയ മഹാപ്രളയം പ്രവൃത്തികള്‍ നടത്താന്‍ തടസമായിരുന്നു. എന്നാല്‍ മഴവിട്ടു നിന്നതോടെ വലിയ തോതില്‍ ജലം കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ഇത് വരും ദിവസങ്ങളില്‍ റഗുലേറ്ററിന് കിഴക്ക് ഭാഗത്തെ കൃഷിയെ സാരമായി ബാധിക്കും.
കൂടാതെ ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ പുഴയില്‍നിന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറുന്ന സ്ഥിതിയുമുണ്ടാകും. ഈ സാഹചര്യത്തിലാണ് പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. കരാര്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സമയമുണ്ടെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രിയും പകലും ജോലി ചെയ്ത് സെപ്റ്റംബര്‍ ഇരുപതോട് കൂടി ഷട്ടറിന്റെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാലുടന്‍ അനുബന്ധ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."