സര്‍ക്കാര്‍ നടത്തുന്നത് മാവോയിസ്റ്റുകളുടെ കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാതെ കൊന്നൊടുക്കാനുള്ള ശ്രമമെന്ന്
കല്‍പ്പറ്റ: മാവോയിസ്റ്റുകള്‍ക്കായി കീഴടങ്ങല്‍-പുനരധിവാസ പദ്ധതി നിലവിലുള്ളപ്പോഴും അതു നടപ്പാക്കാന്‍ ശ്രമിക്കാതെ കൊന്നൊടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന ആക്ഷേപം ശക്തമാകുന്നു.
അതേ സമയം വയനാട്ടില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി വേല്‍മുരുകനാണ് മരിച്ചത്. 33 വയസ്സുള്ള ഇയാളെ തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് തിരിച്ചറിഞ്ഞത്. തേനി ജില്ലയിലെ പെരികുളം അണ്ണാനഗര്‍ കോളനി സ്വദേശിയാണ്.
സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ പോരാടുന്നതിനു പ്രേരിപ്പിക്കുന്നതും ആയുധപരിശീലനവും സംഘത്തിലേക്ക് കൂടുതല്‍ അണികളെ ചേര്‍ക്കുന്നതുമായിരുന്നു ഇയാളുടെ പ്രധാന ചുമതലകള്‍ എന്ന് കേരള പൊലിസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്.
ആത്മരക്ഷാര്‍ത്ഥം നടത്തിയ പ്രത്യാക്രമണതത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്ന് പൊലീസ് പറയുന്നു.
മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങാനും അവരെ പുനരധിവസിപ്പിക്കാനുമുള്ള പദ്ധതിക്ക് 2018 മെയ് ഒന്‍പതിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ വേണ്ടത്ര നടപടികളുണ്ടായില്ല. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം കീഴടങ്ങിയവര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്കു തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കിയിരുന്നു.
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരം തിരിച്ചായിരുന്നു പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്തത്. വ്യത്യസ്ത ആനുകൂല്യങ്ങളായിരുന്നു ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദേശിച്ചിരുന്നത്. ഉയര്‍ന്ന കമ്മിറ്റികളിലുള്ളവരാണ് ഒന്നാം കാറ്റഗറിയില്‍. അവര്‍ കീഴടങ്ങിയാല്‍ അഞ്ചു ലക്ഷം രൂപ നല്‍കും. ഈ തുക ഗഡുക്കളായാണ് നല്‍കുക.
പഠനം തുടരാനാഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കുമെന്നും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കാനും തീരുമാനിച്ചിരുന്നു. കാറ്റഗറി രണ്ട് എ, കാറ്റഗറി രണ്ട് ബി എന്നിവയില്‍ വരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയാണ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക. തങ്ങളുടെ ആയുധം പോലിസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. എ.കെ 47 തോക്ക് സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപ നല്‍കാനായിരുന്നു തീരുമാനം. മൂന്നു വിഭാഗത്തിലും പെട്ട വീടില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ തീരുമാനങ്ങള്‍ മാത്രമായി നില്‍ക്കുകയാണിന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."