റെയ്ന്‍ റെയ്ന്‍ ഗോ എവേ..
നോട്ടിങ്ഹാം: 'കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍' മലയാള ചലച്ചിത്ര ഗാന ലോകത്തെ മികച്ച മെലഡികളിലൊന്നാണിത്. ലോകകപ്പിലെ മത്സരങ്ങള്‍ മഴ കാരണം തടസപ്പെടുമ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകരും പ്രാര്‍ഥിക്കുന്നതും ഇതു തന്നെയായിരിക്കും. ഇതിനോടകം തന്നെ നാലു മത്സരങ്ങളാണ് മഴകാരണം ഉപേക്ഷിച്ചത്. ഇത്രയും മത്സരങ്ങള്‍ നടക്കാതിരിക്കുന്നത് ലോകകപ്പുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. മഴ തടസപ്പെടുത്തിയ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തത് ആരാധകരെ നന്നേ ചൊടിപ്പിച്ചിട്ടുണ്ട്. ഐ.സി.സിയുടെ സംഘാടന മികവിനെ ചോദ്യം ചെയ്തുകൊണ്ട് ഒരുപാട് ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
മൂന്ന് ദിവസമായി നോട്ടിങ്ഹാമില്‍ കനത്ത മഴയായിരുന്നു. എന്നാല്‍ മാച്ച് ഡേ ആയ ഇന്നലെ പതിവിനു വിപരീതമായ അന്തരീക്ഷമായിരുന്നു. മഴ അല്‍പനേരത്തേക്ക് മാറി നിന്നതോടു കൂടി മത്സരം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ മുന്‍പിലുണ്ടായിരുന്ന ഏറ്റവും വലിയ കടമ്പ പിച്ചിലെ വെള്ളം ഒഴിവാക്കുക എന്നതായിരുന്നു. ഗ്രൗണ്ട് സ്റ്റാഫിന്റെ ശ്രമഫലമായി മത്സരം തുടങ്ങുന്നതിനു മുന്നോടിയായി പിച്ചിലെ നനവു നീക്കം ചെയ്‌തെങ്കിലും വീണ്ടും മഴ പെയ്യുകയായിരുന്നു. ഇടവിട്ടു പെയ്ത മഴ മത്സരം നീണ്ടുപോകുന്നതിന് കാരണമായി. പിന്നീട് ഔട്ട് ഫീല്‍ഡ് പരിശോധിച്ചെങ്കിലും മത്സരയോഗ്യമല്ലാത്തത് കാരണം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമും ഓരോ പോയിന്റ്‌വീതം പങ്കിട്ടെടുത്തു.
മഴ മത്സരം മുടക്കിയെങ്കിലും അതൊന്നും ഇന്ത്യന്‍ ആരാധകരെ ഏശിയേ ഇല്ല. മഴയിലും ക്രിക്കറ്റ് ആവേശം കൈവിടാകെ ആയിരക്കണക്കിന് ആരാധകരാണ് മത്സരം കാണാന്‍ ട്രെന്റ്ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ എത്തിയത്. തകര്‍ത്തു പെയ്യുന്ന മഴയിലും എത്ര വൈകിയാലും മത്സരം തുടങ്ങുമെന്നും ഇന്ത്യ ജയിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്ന അവര്‍.
ഇന്ത്യ കളിക്കുമ്പോള്‍ തടസപ്പെടുത്താതെ മഴ മാറിനില്‍ക്കണമെന്ന പ്ലക്കാര്‍ഡ് ആരാധക കൂട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെട്ടത് രസകരമായ കാഴ്ചയായി. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് നോട്ടിങ്ഹാമിലെ മഴയോട് മഹാരാഷ്ട്രയില്‍ പോയി പെയ്യൂ എന്ന് അപേക്ഷിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത വിഡിയോ വൈറലായിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിലും മഴ വില്ലനായാല്‍ അത് ടീമുകളുടേയും ആരാധകരുടേയും നെഞ്ചിടിപ്പു കൂട്ടും. മാത്രമല്ല ഐ.സി.സിക്ക് വലിയൊരു നാണക്കേടായി അതു മാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."