ജിന്‍സണിലൂടെ കോഴിക്കോട്ടേക്ക് വീണ്ടും അര്‍ജുന
കോഴിക്കോട്: ഏഷ്യന്‍ ഗെയിംസിലെ ഇരട്ടമെഡല്‍ നേട്ടത്തിനു ശേഷം കേരളത്തിലെത്തിയത് മുതല്‍ ഒരു സ്വീകരണച്ചടങ്ങില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഓട്ടത്തിലായിരുന്നു ജിന്‍സണ്‍. സ്വീകരണങ്ങളും അഭിനന്ദനങ്ങളും ഒഴിവായെങ്കിലും വീണ്ടും ആഘോഷത്തിമര്‍പ്പിലാണ് പേരാമ്പ്ര ചക്കിട്ടപ്പാറയിലെ കുളച്ചല്‍ വീട്. ട്രാക്കിന്റെ കരുത്തില്‍ മാത്രം ശ്രദ്ധയൂന്നിയ ജിന്‍സണ്‍ ഇന്നലെ വീട്ടുകാര്യത്തിന് വേണ്ടി പേരാമ്പ്രയില്‍ നിന്ന് കോഴിക്കോട് ടൗണിലേക്കിറങ്ങിയപ്പോഴാണ് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത സന്തോഷവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞത്. ഇതോടെ ട്രാക്കിന്‍ കരുത്തില്‍ പി.ടി ഉഷക്ക് ശേഷം കോഴിക്കോട്ടേക്കെത്തുന്ന രണ്ടാമത്തെയും കായിലോകത്ത് പി.ടി ഉഷക്കും ടോംജോസഫിനും ശേഷം മൂന്നാമത്തെയും അര്‍ജുന അവാര്‍ഡ് നേട്ടം ജിന്‍സണ് സ്വന്തമായി.
പ്രതീക്ഷിക്കാതെ വന്ന നേട്ടം
അപ്രതീക്ഷിതമായി വന്ന നേട്ടമാണിത്. രാജ്യം നല്‍കിയ ആദരവില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത് എന്റെ അച്ഛന്‍ ജോണ്‍സണും അമ്മ ഷൈലജക്കും പരിശീലകര്‍ക്കും സമര്‍പ്പിക്കുന്നു. അടുത്ത വര്‍ഷമോ അതിനടുത്ത വര്‍ഷമോ കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തോടൊപ്പം അര്‍ജുന അവാര്‍ഡും കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്. മുന്നോട്ടുള്ള കുതിപ്പിന് ഇതു പ്രചോദനമാകും. ഉയരങ്ങളിലേക്ക് പോകുന്തോറും ഉത്തരവാദിത്തവും കൂടുകയാണ്-മാധ്യമങ്ങളുടെ ചോദ്യത്തിന് ഒറ്റശ്വാസത്തില്‍ ജിന്‍സണ്‍ മറുപടി പറഞ്ഞു. തന്റെ നേട്ടം കായിക മേഖലയിലെ വരുംതലമുറക്ക് പ്രചോദനമാവുമെന്നും ജിന്‍സണ്‍ പറഞ്ഞു.
ലക്ഷ്യം ഒളിംപിക് മെഡല്‍
എല്ലാവരും എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഒളിംപിക് മെഡലാണ്. അതിനായുള്ള ഒരുക്കങ്ങളാണ് ഇനിയുള്ള കാലങ്ങളില്‍. ഇനിയുള്ള രണ്ടുവര്‍ഷം അതിനായി കഠിനമായി അധ്വാനിക്കും. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ലോക ചാംപ്യന്‍ഷിപ്പുകള്‍ എന്നിവയിലാണു ഇനി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ശേഷം 2020ലെ ടോക്യോ ഒളിംപിക്‌സില്‍ മെഡലിനായുള്ള പരിശീലനത്തിലുമായിരിക്കും. അടുത്തദിവസം 1,500 മീറ്ററില്‍ മത്സരിക്കാനായി സര്‍വിസസ് മീറ്റിനു വേണ്ടി ബംഗളൂരുവിലേക്ക് പുറപ്പെടുകയാണ്. കാലിലെ പരുക്കിന് ചികിത്സിക്കാന്‍ അടുത്ത മാസം ചെന്നൈയിലേക്കു പോകണം.
സമയത്തിനല്ല, മെഡലിനാണ് പ്രാധാന്യം
മികച്ച സമയത്തെക്കാള്‍ മെഡലിനായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഇവിടെ സമയം രണ്ടാമത്തെ ലക്ഷ്യമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 1,500 ല്‍ സ്വര്‍ണം നേടിയതും 800 ല്‍ വെള്ളി നേടിയതും എന്റെ കരിയറിലെ മികച്ച സമയത്തെക്കാള്‍ പിന്നിലാണ്. ഗുവാഹത്തിയില്‍ നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1,500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. 3.37.86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അവിടെ ദേശീയ റെക്കോര്‍ഡിട്ടത്. കൂടെ ഓടുന്നവരെ കൂടി പരിഗണിച്ചായിരുന്നു ഇവിടെ ഓടിയത്. അതിനാല്‍ മികച്ച നേട്ടം സ്വന്തമാക്കാനായി.
വിജയത്തിനു പിന്നില്‍ പരിശീലകരും ആദ്യകാല നേട്ടവും
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ട്രാക്കില്‍ മത്സരത്തിനെത്തുന്നത്. ശേഷം പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ കെ.എം പീറ്റര്‍ എന്ന പരിശീലകനെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. പീറ്ററിന്റെ കീഴില്‍ ശാസ്ത്രീയ പരിശീലനം നേടി. പിന്നീട് സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ മെഡല്‍ നേടി ട്രാക്കിലെ മിന്നും താരമായി. കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളജിലും പഠനം പൂര്‍ത്തിയാക്കി. കോളജ് പഠനകാലത്ത് ഇമ്മാനുവല്‍ സാറിന്റെ കീഴിലും പരിശീലനം നേടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ കീഴില്‍ ആര്‍മിയില്‍ നിന്ന് പരിശീലനം നേടി. ഏഷ്യന്‍ ഗ്രാന്റ് പ്രീ പരമ്പരയില്‍ നിന്ന് ലഭിച്ച മൂന്നു സ്വര്‍ണ മെഡലുകളും 2015ലെ ഗുവാന്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡലും 2016ലെ റിയോ ഒളിംപിക്‌സിലെ മത്സരത്തില്‍ മാറ്റുരച്ചതും കൂടുതല്‍ പ്രചോദനമായി.
അത്‌ലറ്റുകളോടുള്ള ഇന്ത്യന്‍ മനോഭാവം മാറണം
കരുത്തരായ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്. രാജ്യാന്തര പ്രതിയോഗികളെ വെല്ലുവിളിക്കാനും അവരെ പരാജയപ്പെടുത്താനും വേണ്ടതു മാനസികോര്‍ജമാണ്. എന്നാല്‍ ഇന്ത്യയില്‍ അത്‌ലറ്റിക്‌സിന് നല്‍കുന്ന പ്രാധാന്യം കുറവാണ്. ഗ്രൗണ്ട് സപ്പോര്‍ട്ട് കൂടുമ്പോഴാണ് ട്രാക്കില്‍ കുതിക്കുമ്പോള്‍ നമ്മുടെ ഊര്‍ജവും കൂടുക. വിദേശങ്ങളില്‍ ടിക്കറ്റെടുത്താണ് കാണികള്‍ അത്‌ലറ്റിക് മേളകള്‍ കാണാനെത്തുന്നത്. ഈ പി ന്തുണ താരങ്ങളിലുണ്ടാക്കുന്ന ആത്മവിശ്വാസവും മാനസികോര്‍ജവും ചെറുതല്ല. നമ്മുടെ നാടും ഈ വിധം മാറണം - ജിന്‍സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."