പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും സെബിയുടെ വിലക്ക്: എന്‍.ഡി.ടി.വിയുടെ ചുമതലകളില്‍ നിന്നൊഴിയണം
ന്യൂഡല്‍ഹി: ദേശീയ ചാനലായ എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന സെബിയുടെ വിലക്ക്. രണ്ടു വര്‍ഷത്തേക്ക് ഓഹരിവിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതിനും എന്‍.ഡി.ടി.വിയുടെ മാനേജ്‌മെന്റ് പദവികള്‍ വഹിക്കുന്നതിനുമാണ് വിലക്ക്.
ഇന്‍സൈഡര്‍ ട്രേഡിങ് ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയേത്തുടര്‍ന്നാണ് നടപടി. പ്രണോയ് റോയ്ക്ക് 15.94 ശതമാനവും രാധികയ്ക്ക് 16.33 ശതമാനവുമാണ് എന്‍.ഡി.ടി.വിയില്‍ ഓഹരി പങ്കാളിത്തമുള്ളത്. 2009 ജൂണ്‍ മുതല്‍ 63.17 ശതമാനമാണ് പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം.
എന്‍.ഡി.ടി.വി ഷെയര്‍ഹോള്‍ഡറായ ക്വാണ്ടം സെക്യൂരിറ്റീസ് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ സെബി നടപടി ഉണ്ടായിരിക്കുന്നത്. എന്‍.ഡി.ടി.വി പ്രൊമോട്ടര്‍മാര്‍ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ (വി.സി.പി.എല്‍) എന്ന സ്ഥാപനവുമായി ഉണ്ടാക്കിയ വായ്പാ കരാറിലെ പ്രധാന വിവരങ്ങള്‍ ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് മറച്ചുവയ്ക്കുകയും അതുവഴി സെബി ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
കരാറിലെ വകുപ്പുകളില്‍ ചിലത് വി.സി.പി.എല്ലിന് എന്‍.ഡി.ടി.വിയില്‍ 52 ശതമാനം വരെ ഓഹരി നിയന്ത്രിക്കാനുള്ള അധികാരം നല്‍കുന്നവയാണെന്ന് സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നെടുത്ത 375 കോടി രൂപ വായ്പ 2009ല്‍ കമ്പനി തിരിച്ചടച്ചത് വി.പി.സി.എല്ലില്‍ നിന്ന് വായ്പയായി എടുത്ത 350 കോടി രൂപ ഉപയോഗിച്ചാണ്. 10 വര്‍ഷക്കാലാവധിയുള്ള വായ്പ ആയിരുന്നു അത്. അപ്പോഴുണ്ടാക്കിയതാണ് പരാതിക്കാധാരമായ കരാര്‍.
എന്നാല്‍ നടപടിക്കെതിരെ പ്രണോയ് റോയിയും രാധിക റോയിയും ശക്തമായി രംഗത്തെത്തി. നടപടി ബാലിശമാണെന്നും തെറ്റായ വിലയിരുത്തലുകളാണ് നടപടിക്ക് പിന്നിലെന്നും ഇരുവരും ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തീര്‍ത്തും അസ്വാഭാവികമായ നടപടിയാണിത്. സെബി ഉത്തരവിനെതിരെ അടുത്ത ദിവസങ്ങളില്‍ തന്നെ കോടതിയെ സമീപിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."