ബി.ജെ.പി ഭരണത്തില്‍ പശുക്കള്‍ക്ക് എ.സി ആംബുലന്‍സും സാധാരണക്കാര്‍ക്ക് പെരുവഴിയും: വൈക്കം വിശ്വന്‍
ചെറുതുരുത്തി: രാജ്യം മുഴുവന്‍ വര്‍ഗീയത വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ പശുക്കള്‍ക്ക് എ.സി. സൗകര്യത്തോടെയുള്ള ആംബുലന്‍സും, സൗകര്യങ്ങളും ലഭിക്കുമ്പോള്‍ പട്ടിണി പാവങ്ങളായ ജനങ്ങള്‍ക്ക് പെരുവഴി മാത്രമാണ് ആശ്രയമെന്ന് ഇടത് മുന്നണി സംസ്ഥാന കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. കേരളത്തില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെ എന്തും വിളിച്ച് പറയുന്ന ശോഭ സുരേന്ദ്രനെ പോലുള്ള ബി.ജെ.പി നേതാക്കള്‍ ഇവരുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിന് സ്വാതന്ത്ര്യ മുണ്ടോ എന്ന് പരിശോധിക്കണം. ഈ സംസ്ഥാനങ്ങളില്‍ സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
നോട്ട് അസാധുവാക്കിയതിലൂടെ രാജ്യം എന്ത് നേടിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. വര്‍ഗീയ ശക്തികള്‍ പത്തി വിടര്‍ത്തിയാടുമ്പോഴും കോണ്‍ഗ്രസ് തികഞ്ഞ മൗനത്തിലാണ്. ബി.ജെ.പിയുടെ ഏജന്റായാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി. സംഘപരിവാറിന്റെ വര്‍ഗീയതക്കെതിരേയും ഇടത് സര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്തുന്ന കുപ്രചരണം തുറന്ന് കാട്ടുന്നതിനും, കള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന സി.പി.എം ജില്ലാ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍. സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. എന്‍.ആര്‍ ബാലന്‍, പി.എ ബാബു ഷെയ്ക്ക് അബ്ദുള്‍ ഖാദര്‍, എം. സുലൈമാന്‍ തുടങ്ങിയവരും ജാഥാ അംഗങ്ങളും പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനാണ് ജാഥാ ക്യാപ്റ്റന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം വര്‍ഗീസ്, വൈസ് ക്യാപ്റ്റനും, കെ.കെ രാമചന്ദ്രന്‍ മാനേജരുമാണ്. സേവ്യാര്‍ ചിറ്റിലപ്പിള്ളി, എ.എസ് കുട്ടി, പി.കെ ഡേവീസ്, കെ.വി പീതാംബരന്‍, ബാബു.എം.പാലിശ്ശേരി, കെ.വി നഫീസ, സി.സുമേഷ്, പി.കെ ശിവരാമന്‍ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. ഇന്ന് കാലത്ത് മുതലാണ് ജാഥയുടെ പര്യടനം രാവിലെ 10ന് ചേലക്കരയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. തുടര്‍ന്ന് വടക്കാഞ്ചേരി ടൗണ്‍, പന്നിത്തടം, പെരുമ്പിലാവ്, കുന്നംകുളം ടൗണ്‍, മുണ്ടൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 31 കേന്ദ്രങ്ങളിലാണ് സ്വീകരണം 21 ന് വൈകിട്ട് 5ന് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിസരത്താണ് സമാപനം പൊതുയോഗം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."