വൈഷ്ണവിയെ 'പ്രകാശം'പദ്ധതി ദത്തെടുക്കും
കഴക്കൂട്ടം : തുണ്ടത്തില്‍ മാധവവിലാസം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ 1138 മാര്‍ക്ക് നേടിയ വൈഷ്ണവിയെ പ്രകാശം പദ്ധതി ദത്തെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
കാട്ടായിക്കോണം യു.പി. സ്കൂളിലും പോത്തന്‍കോട് എല്‍.വി.എച്ച്.എസ് സിലും പഠിച്ചശേഷം തുണ്ടത്തില്‍ എം.വി.എച്ച്.എസില്‍ നിന്നും മികച്ച വിജയം നേടിയ വൈഷ്ണവി ജീവിത പ്രാരാബ്ധങ്ങളൊട് പടപൊരുതിയാണ് മികച്ച വിജയം നേടിയത്. കാട്ടായിക്കോണം ശാസ്തവട്ടത്തെ ഭാഗികമായി തകര്‍ന്ന വീട്ടിലാണ് വൈഷ്ണവിയും അമ്മ ഉഷയും സഹോദരന് വൈശാഖും കഴിയുന്നത്. ഹൃദയ സ്തംഭനം മൂലം പിതാവ് മുരുകന് രണ്ടു വര്‍ഷം മുമ്പ് മരിച്ചു.
ഉഷയ്ക്കു തയ്യല്‍ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഡോക്ടര്‍ ആകണമെന്ന വൈഷ്ണവിയുടെ ആഗ്രഹം സാക്ഷാല്കരിക്കാന് പദ്ധതിയിലൂടെ എല്ലാ സഹായവും ലഭ്യമാക്കുമെന്നും വൈഷ്ണവിയുടെ കുടുംബത്തിന് ഒരു കൊച്ചു വീട് നിര്‍മിച്ചു നല്കാന് സമുനസ്സുകളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."