ഇന്ത്യ-സഊദി വിമാന സർവ്വീസ്; ചർച്ചകൾ പുരോഗമിക്കുന്നു, ഉടൻ അനുകൂല സാഹചര്യം ഉണ്ടായേക്കും
റിയാദ്: ഇന്ത്യയിൽനിന്ന് സഊദിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യയിലെ സഊദി അംബാസിഡർ താമസിയാതെ ഇതിനു ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് പറഞ്ഞു. എയർ ബബ്ൾ കരാർ പ്രകാരം വൈകാതെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്കുള്ള നേരിട്ടുള്ള യാത്രാ തടസ്സം നീങ്ങുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അംബാസിഡർ പറഞ്ഞു
നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സർവീസ് ഇല്ലാത്തതുമൂലം ആയിരക്കണക്കിന് പ്രവാസികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് സഊദിയിലെത്താവുന്ന സർവീസുകൾ മാത്രമാണ് ഇതിനു പരിഹാരം. എന്നാൽ, അത് എന്നേക്കു സാധ്യമാകുമെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും സാഹചര്യങ്ങൾ മാറിയതനുസരിച്ച പുരോഗതി ഇക്കാര്യത്തിലുണ്ടാകുമെന്നും അത് ഗുണകരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ കൊവിഡിന്റെയും രോഗവ്യാപന തോതിന്റെയും സെപ്റ്റംബറിലെ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽനിന്നുള്ളവർക്ക് ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളോടൊപ്പം സഊദി വിലക്ക് ഏർപ്പെടുത്തിയതെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. സെപ്റ്റംബറിൽ പ്രതിദിനം 90,000 രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അതിന്റെ നേർ പകുതി രോഗികളെയുള്ളൂ. രോഗമുക്തിയിലും മരണ നിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കൊവിഡ് പ്രതിരോധ വാക്സിൻ നിർമാണത്തിലും ഇന്ത്യ വളരെയേറെ മുന്നിലാണ്.
നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴി വരുന്നതു മൂലം അതിന്റെ നേട്ടം കൊയ്യുന്നത് ഇടനിലക്കാരാണ്. ഉംറ തീർഥാടകരുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സഊദി സിവിൽ വ്യോമയാന വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അവർക്കു ബോധ്യമായിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."