HOME
DETAILS

ഇരട്ടസഹോദരങ്ങളല്ലേ ട്രംപും മോദിയും

  
backup
September 18 2018 | 18:09 PM

trump-and-modi-are-not-twins

മൂലധനമുള്ള രാഷ്ട്രമെന്ന നിലയില്‍ രണ്ടാം ലോക യുദ്ധാനന്തരം ലോക വാണിജ്യ വ്യവസായ രംഗം അമേരിക്കയുടെ കൈകളില്‍ വന്നു. പലിശയിലധിഷ്ഠിതമായ കൊള്ള കാരണം അമേരിക്കയിലേക്കു പണമൊഴുക്കു വര്‍ധിച്ചു. അങ്ങനെ, രണ്ടാം ലോകയുദ്ധം അമേരിക്കയെ സാമ്പത്തികമായും രാഷ്ട്രീയമായും പ്രബലപ്പെടുത്തി.

പണമൊഴുക്കിന്റെ ചെറുവിഹിതം ദരിദ്രരാഷ്ട്രങ്ങള്‍ക്കും സംഘടനകള്‍ക്കും ആരോഗ്യ-വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും പങ്കുവയ്ക്കാന്‍ യു എസ് ഭരണകൂടം തയാറായിരുന്നു. ഇതിലൂടെ അമേരിക്കയെ ആശ്രയിക്കാന്‍ പല ലോകരാഷ്ട്രങ്ങളും നിര്‍ബന്ധിതരായി.
യുദ്ധത്തിന്റെ അരികുപറ്റി ശക്തിപ്പെട്ട അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് എല്ലാ നൈതികതയും തമസ്‌കരിക്കുന്ന അധര്‍മകാരിയായി ലോകത്തിനുതന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയും സംസാരവും അപായമണിയാണ്.
അന്താരാഷ്ട്രസമൂഹം ഒന്നടങ്കം എതിര്‍ത്തിട്ടും യു എസ് എംബസി ഇസ്‌റാഈലിനു വേണ്ടി മാത്രം ജറൂസലമിലേക്കു മാറ്റി. രണ്ടര മില്യണ്‍ വരുന്ന ഫലസ്തീനികളെ കിഴക്കന്‍ ജറൂസലമില്‍നിന്നും ഗസയില്‍നിന്നും ആട്ടിയോടിക്കാന്‍ അനധികൃത നിര്‍മാണങ്ങള്‍ ജൂതര്‍ക്കുവേണ്ടി നടന്നുവരുന്നു. അഞ്ചുലക്ഷം ജൂതരെയാണു ഇതുവരെ ഇവിടെ കുടിയിരുത്തിയത്.
ഉപരോധം, തൊഴില്‍നിഷേധം, രണ്ടാംതരം പൗരത്വം ഇങ്ങനെയുള്ള കാടന്‍നിലപാടുകളും മനുഷ്യാവകാശ ലംഘനങ്ങളും ഇസ്‌റാഈല്‍ നടത്തിവരുന്നു. നിത്യവും ഫലസ്തീനികളെ വെടിവെച്ചു കൊല്ലുന്നു. അക്രമിയായ ഇസ്‌റാഈലിനു ധനവും ആയുധവും നല്‍കി സഹായിക്കുന്ന അമേരിക്ക പട്ടിണി മാറ്റാനുള്ള ഫലസ്തീനികളുടെ പാത്രം കാലിയാക്കുന്നതിനുവേണ്ടി നല്‍കിവന്നിരുന്ന ധനസഹായം പിന്‍വലിച്ചു.
ഇറാനുമായുള്ള ആണവകരാറില്‍ നിന്നു ഏകപക്ഷീയമായി പിന്മാറി, പശ്ചിമേഷ്യയില്‍ കാലുറപ്പുള്ള ഒരു രാഷ്ട്രം വളരുന്നതു തടയാന്‍ അമേരിക്ക ശ്രമിക്കുന്നു. ഇസ്‌റാഈലിനു ഇറാന്‍ ഭീഷണിയാവരുതെന്നു ട്രംപ് കരുതുന്നു. സദ്ദാം ഹുസൈനെയും ഇറാഖിനെയും നിലംപരിശാക്കിയതും ലിബിയയെയും കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെയും തകര്‍ത്തതും ഈജിപ്തില്‍ പാവഭരണം സ്ഥാപിച്ചതും അമേരിക്കയുടെ ഇസ്‌റാഈല്‍ നയം പ്രകടമാണ്.
കിഴക്കന്‍ ജറൂസലം, ഗസ എന്നിവിടങ്ങളിലെ രണ്ടര മില്യണ്‍ വരുന്ന ഫലസ്തീനികളെ രണ്ടാംതരം പൗരന്മാരാക്കുക മാത്രമല്ല, അഞ്ചുലക്ഷം യഹൂദരെ ഈ പ്രദേശത്തു കുടിയിരുത്തി ഫലസ്തീനികളുടെ ജന്മഭൂമി ബലമായി കവരുക കൂടിയാണു ഇസ്‌റാഈല്‍. ഇതുവരെ ചെയ്തതില്‍ നിര്‍ത്താതെ ഇനിയും കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണവരുടെ തീരുമാനം.
ലോക വ്യാപാര സംഘടനയില്‍ നിന്നു പിന്മാറുമെന്നു ട്രംപ് ഭീഷണി മുഴക്കിയിട്ട് അധികനാളായില്ല. ചൈനയുമായി കച്ചവടയുദ്ധം തുടരുകയാണ്. മഹത്തായ പാരമ്പര്യമുള്ള ഒരു രാഷ്ട്രത്തിന് ഉണ്ടാവാന്‍ പാടില്ലാത്ത നേതാവാണു ട്രംപ്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തീവ്രവലതുപക്ഷ മനസ്സുകളിലേക്കു പകയും വിരോധവും വളര്‍ത്തിയാണു ട്രംപ് ജയിച്ചുകയറിയത്.
മുസ്‌ലിം വിരുദ്ധത, വംശീയഭ്രാന്ത്, അന്ധമായ അമേരിക്കന്‍ ദേശീയത, സാമ്പത്തിക മേല്‍ക്കോയ്മ, കുടിയേറ്റ വിരുദ്ധത തുടങ്ങിയ കാര്യങ്ങളും പണവുമെറിഞ്ഞാണ് ഈ റിപ്പബ്ലിക്കന്‍ വില്ലന്‍ വൈറ്റ്ഹൗസിലെത്തിയത്. ആയുധം വിറ്റും യുദ്ധങ്ങള്‍ നിര്‍മിച്ചും തീവ്രവാദികളെ പാലൂട്ടിയും ലോകസമാധാനം തകര്‍ക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടം പിറകിലായിരുന്നില്ല. ഇതിനെല്ലാം കൂടി പറയാറുള്ള മറുപടി അമേരിക്കന്‍ താല്‍പ്പര്യമെന്നായിരുന്നു.
ചിരിക്കാനറിയാത്ത, അട്ടഹാസവും അതിനു യോജിച്ച ശരീരഭാഷയുമുള്ള, നിത്യവും ആറു കളവെങ്കിലും പറയുന്നവനെന്നു ജനം പറയുന്ന ട്രംപില്‍ നിന്നു ലോകം രക്ഷപ്പെടേണ്ടതുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണശേഷിയും ചിന്താവിപ്ലവവും അക്ഷരസഹായവും സാമൂഹികമാധ്യമങ്ങളും ഒന്നിച്ചു സമ്മര്‍ദം തീര്‍ത്താല്‍ മാത്രമേ ലോക സമാധാനമാഗ്രഹിക്കുന്ന നേതാവ് നിര്‍മിക്കപ്പെടുകയുള്ളൂ.

നരേന്ദ്രമോദി
ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തുഒരു ആര്‍.എസ്.എസുകാരന്‍ വരുന്നതു ചരിത്രനീതിയായിരുന്നില്ല. രണ്ടുതവണ നിരോധിക്കപ്പെട്ട തീവ്രഭീകരസംഘടനയാണ് ആര്‍.എസ്.എസ്. കടുത്ത മതന്യൂനപക്ഷ ധ്വംസനം തുടരുന്ന ആര്‍. എസ്. എസ് അനേകം കലാപങ്ങളിലും കൊലപാതകങ്ങളിലും ഇടപെട്ട സംഘടനയാണ്. അതിന്റെ പ്രതിനിധി ഇന്ത്യ ഭരിക്കുകയെന്നതു മതേതര വ്യവസ്ഥയ്ക്കു അപമാനം തന്നെയാണ്.
ബാബരി പള്ളി ബലംപ്രയോഗിച്ചു തകര്‍ത്തവര്‍, ഭരണമുപയോഗിച്ചു രണ്ടായിരത്തിലധികം മുസ്‌ലിംകളെ ഗുജറാത്തില്‍ കൊന്നു തള്ളിയവര്‍... എങ്ങനെയാണ് ഒരു മതേതര രാഷ്ട്രത്തിന്റെ തലപ്പത്തെത്തിയത്. വ്യാജപ്രസ്താവനകളും വാഗ്ദാനങ്ങളും നല്‍കി വോട്ടര്‍മാരെ വഞ്ചിക്കുകയായിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും കള്ളപ്പണക്കാരില്‍ നിന്നു പണം പിടിച്ചെടുക്കുമെന്നുമായിരുന്നു.
1000, 500 നോട്ടുകള്‍ നിരോധിക്കുമ്പോള്‍ മോദി പറഞ്ഞത് രാജ്യത്തെ കള്ളപ്പണം മുഴുവന്‍ പിടികൂടാന്‍ വേണ്ടിയാണ് അതെന്നും അപ്പോഴുണ്ടാകുന്ന ചില്ലറ പ്രയാസങ്ങള്‍ രാഷ്ട്രത്തിനുവേണ്ടി സഹിക്കണമെന്നുമായിരുന്നു. നിരോധിച്ച നോട്ടുകളിലെ 99.3 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തി.
മോദി പറഞ്ഞതുപോലെ ചില്ലിക്കാശു പോലും കള്ളപ്പണമെന്ന രൂപത്തില്‍ പിടിച്ചെടുത്തില്ല. കള്ളപ്പണം ഇല്ലാഞ്ഞിട്ടല്ല, വന്‍തോക്കുകളുടെ കൈകളില്‍ കോടിക്കണക്കിനു കള്ളപ്പണമുണ്ടായിരുന്നു. നോട്ടുനിരോധനത്തിന്റെ മറവില്‍ അതൊക്കെ തന്ത്രപരമായി വെളുപ്പിച്ചു കൊടുത്തു. പാവം പൊതുജനം, ചില്ലിക്കാശു മാറ്റിക്കിട്ടാന്‍ ആഴ്ചകളോളം പൊരിവെയിലത്തു കാത്തുകെട്ടിക്കിടന്നതു വെറുതെയായി.
ഇന്ത്യയെ കൊള്ളയടിച്ചു വിദേശബാങ്കുകളില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിനു കോടികളില്‍ ഒരു രൂപപോലും പിടിച്ചെടുക്കാനോ ഒരു വ്യക്തിയേയെങ്കിലും പിടികൂടാനോ മോദി സര്‍ക്കാരിനു കഴിഞ്ഞില്ല. അട്ടഹസിച്ചും അതിനനുസരിച്ച ശരീരഭാഷയും ബോധപൂര്‍വം വ്യാജം പ്രചരിപ്പിക്കുകയും ചെയ്യുന്ന ശീലം മോദിക്കു ട്രംപിന്റെ ഇരട്ടസഹോദരനെന്ന വിളിപ്പേരു നല്‍കി.
ലോകത്തു കൂടുതല്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയാവുന്ന നാട് ഇന്ത്യയാണ്. ദാരിദ്ര്യനിര്‍മാര്‍ജനം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. തൊഴില്‍രഹിതര്‍ക്ക് ഒരു തൊഴില്‍മേഖലയും തുറന്നില്ല. കര്‍ഷകര്‍ ആത്മഹത്യയിലേക്കു വലിച്ചെറിയപ്പെട്ടു. 82 രാഷ്ട്രങ്ങളില്‍ 'സര്‍ക്കീട്ടടിക്കാന്‍' മോദി 1500 കോടി രൂപ ചെലവിട്ടു. ഒരിടത്തുനിന്നും നിക്ഷേപകരെ സംഘടിപ്പിക്കാനായില്ല. വാണിജ്യ വ്യവസായ ഉത്തേജനം സംഭവിച്ചില്ല. നോട്ടിന്റെ ഡോളറുമായുള്ള വിനിമയമൂല്യം 71.78 എന്ന നാണംകെട്ട പതനത്തിലെത്തി. 1947 ല്‍ ഒരു ഡോളറിന് ഒരു രൂപ ഉണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കൂപ്പുകുത്തല്‍.
പെട്രോളിനു ലിറ്ററിനു 'സെഞ്ച്വറി'യടിക്കാന്‍ അധികം താമസമില്ല. ഇന്ത്യ ഇസ്‌റാഈലിനും അമേരിക്കയ്ക്കും ഒരു ലിറ്ററിനു 34 രൂപക്കു പെട്രോള്‍ നല്‍കുമ്പോള്‍ ഇന്ത്യക്കാരന് 82 രൂപക്കാണു വില്‍ക്കുന്നത്. ജി.എസ്.ടി നടപ്പിലായാല്‍ നികുതി 18 ശതമാനത്തിലേക്കു താഴ്ന്നു വിലനിലവാരം കുറയുമെന്നു പറഞ്ഞ ജെയ്റ്റ്‌ലിക്ക് ഇപ്പോഴൊന്നും പറയാനില്ല. നഗരത്തിലെ ചായക്കടയില്‍ കയറി പത്തു രൂപയ്ക്കു ചായയും പത്തു രൂപയ്ക്കു പൊറാട്ടയും വാങ്ങിയാല്‍ രണ്ടു രൂപ ജി.എസ്.ടി കൊടുക്കണം.
ഇന്ത്യയെ അരനൂറ്റാണ്ടു പിറകോട്ടു നയിച്ച പ്രധാനമന്ത്രിയാണു മോദി. ലോകസമൂഹത്തിന്റെ മുമ്പില്‍ ഇന്ത്യ അടിക്കടി നാണംകെട്ടു. സഹിഷ്ണുതയില്ലാത്ത കൊലയാളികള്‍ പാര്‍ക്കുന്ന നാടായി ഇന്ത്യ അറിയപ്പെട്ടു. ആള്‍ക്കൂട്ടക്കൊലകളും ആര്‍.എസ്.എസ് നേതാക്കളുടെ സംസാരങ്ങളും സാമൂഹികമാധ്യമങ്ങള്‍ ഇന്ത്യയുടെ വികൃതമുഖമായി അവതരിപ്പിച്ചു.
ഇഫ്താര്‍ സംഗമങ്ങള്‍ നിര്‍ത്തലാക്കി. പെരുന്നാള്‍ ആശംസ ഇല്ലാതാക്കി. ഹജ്ജ് സബ്‌സിഡിയില്‍ കൈവച്ചു. ഇന്ത്യയുടെ എക്കാലത്തെയും സ്‌നേഹിതരും സഹായികളുമായ മുസ്‌ലിം രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളെപ്പോലും പെരുന്നാളാശംസയറിയിച്ചില്ല.
അയല്‍പക്കവുമായി കലഹമുണ്ടാക്കി. കശ്മിരില്‍ സൈനികരുടെ മരണനിരക്കു ക്രമാതീതമായി വര്‍ധിച്ചു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന പ്രതീതി സൃഷ്ടിക്കാനാണു മോദിയും കൂട്ടരും ശ്രമിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളില്‍ ആര്‍.എസ്.എസുകാരെ സ്ഥാപിച്ചു. ഗവര്‍ണര്‍മാരുടെ മിനിമം യോഗ്യത ആര്‍.എസ്.എസ്സുകാരന്‍ എന്നതായി. ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ കിണഞ്ഞു ശ്രമിച്ചും ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ വെല്ലുവിളിച്ചുമാണ് മോദി ഭരിക്കുന്നത്. ഇരട്ടസഹോദരനായ ട്രംപിനെപ്പോലെ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago