ഇനി കോടതിക്കാര്യങ്ങളും വിരല്‍ത്തുമ്പില്‍
കാസര്‍കോട്: ജില്ലാ കോടതിയിലെ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. ജില്ലാ കോടതി സമുച്ചയത്തില്‍ ആരംഭിച്ച രണ്ടു കിയോസ്‌കുകളിലൂടെയാണ് കേസുകള്‍ സംബന്ധിച്ച എന്തു വിവരവും പൊതുജനങ്ങള്‍ക്ക് സ്വയം കണ്ടെത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ സംവിധാനത്തോടെയുള്ള കിയോസ്‌കില്‍ വിരല്‍ അമര്‍ത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ ലഭിക്കും.
കക്ഷികള്‍ക്ക് തങ്ങളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാന്‍ ബഞ്ച് ഡെസ്‌കില്‍ ബഞ്ച് ക്ലര്‍ക്കിന്റെയോ അഭിഭാഷകരുടെയോ സഹായമില്ലാതെ സ്വയം കണ്ടെത്തുവാനാകും. ഈ കിയോസ്‌കുകളിലൂടെ കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോടതികളിലെയും വിവരങ്ങള്‍ ലഭിക്കും.
കക്ഷികളുടെ കേസിന്റെ നിലവിലെ അവസ്ഥ, ഏതു കോടതിയിലാണ് തങ്ങളുടെ കേസുകള്‍ നടക്കുന്നത്, എത്രാമത്തെ കേസാണ് എന്നിങ്ങനെ കേസ് സംബന്ധിച്ച എന്തുകാര്യവും കിയോസ്‌കിലൂടെ ലഭ്യമാകും. കേസ് നമ്പര്‍, എഫ്.ഐ.ആര്‍ നമ്പര്‍, കക്ഷിയുടെ പേര്, കേസ് ഫയലിങ് നമ്പര്‍, സി.എന്‍.ആര്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ടച്ച് സ്‌ക്രീനിലൂടെ നല്‍കിയാല്‍ സിവില്‍ ക്രിമിനല്‍ കേസ് സംബന്ധമായ എന്തുവിവരവും ഞൊടിയിടയില്‍ അറിയുവാന്‍ കഴിയും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള സമയങ്ങളില്‍ കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കും.
കേന്ദ്രസര്‍ക്കാരിന്റെ മാതൃകാ കോടതി പദ്ധതിയിലുള്‍പ്പെടുത്തിയാണ് കിയോസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കിയോസ്‌കുകള്‍ക്കു പുറമേ ജില്ലാ കോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും കേസ് ഡിസ്‌പ്ലേ സ്‌ക്രീന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്‌ക്രീനിലൂടെ കക്ഷികള്‍ക്ക് തങ്ങളുടെ കേസ് എപ്പോള്‍ വിളിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ കഴിയും. ജില്ലാ കോടതിയില്‍ ജുഡിഷ്യല്‍ സര്‍വിസ് സെന്ററും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കിയോസ്‌കുകള്‍ ജില്ലാ ജഡ്ജി എസ്. മനോഹര്‍ കിണി ഉദ്ഘാടനം ചെയ്തു. അഡി.ജില്ലാ ജഡ്ജി സാനു എസ് പണിക്കര്‍, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജി. അനില്‍, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ. നിസാം, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍ അശോക് കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."