ജയം തുടരാന്‍ ഇംഗ്ലണ്ട്, ആദ്യ ജയത്തിനായി അഫ്ഗാനിസ്ഥാന്‍
മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന അഫ്ഗാന് അതിമോഹങ്ങളൊന്നുമില്ല. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെട്ട ടീമിന് അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇംഗ്ലണ്ടിന്റെ സ്ഥിതി നേരെ വിപരീതമാണ്.
കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്ന ഇംഗ്ലണ്ട് അതിനൊത്ത പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. ഓരോ മത്സരം കഴിയുമ്പോഴും കൂടുതല്‍ മികവോടെ കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെയാണ് കാണാന്‍ കഴിയുന്നത്. ഇന്നത്തെ മത്സരഫലം ഏറെക്കുറേ പ്രവചനീയമാണ്. ഇന്ന് അഫ്ഗാന്‍ ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
അഫ്ഗാനിസ്ഥാന്‍
ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല അഫ്ഗാന്. അതിലുപരി ഒരു പോയിന്റ് പോലും അവര്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. മറ്റു ടീമുകളുടെ മത്സരങ്ങള്‍ മഴമൂലം തടസപ്പെട്ട് പോയിന്റുകള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ ഇവിടെ മഴപോലും കനിയുന്നില്ല അഫ്ഗാന്. തീര്‍ത്തും നിറംമങ്ങിയ പ്രകടനങ്ങള്‍. ബൗളിങ്ങിലാണ് അഫ്ഗാന്റെ ശക്തിയെങ്കിലും വേണ്ടവിധം ഏശുന്നില്ല തന്ത്രങ്ങള്‍. ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും മികച്ച സ്‌കോര്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരേ ബൗള്‍ ചെയ്യാനിറങ്ങുമ്പോള്‍ റാഷിദ് ഖാനും മുഹമ്മദ് നബിക്കും സമ്മര്‍ദമുണ്ടാകും.
ബാറ്റ്‌സ്മാന്‍മാരുടെ സമ്പൂര്‍ണ പരാജയമാണ് അഫ്ഗാന്റെ താളപ്പിഴകള്‍ക്ക് കാരണം. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം നിലയുറപ്പിക്കാതെ വന്നതുപോലെ മടങ്ങുമ്പോള്‍ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് അഫ്ഗാന് തുണയാകുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ അവരുടെ ടോപ്‌സ്‌കോറര്‍ ഒന്‍പതാമനായി ക്രീസിലെത്തിയ റാഷിദ് ഖാനായിരുന്നു. ഇതുവരെ 50 ഓവര്‍ തികച്ചു കളിക്കാന്‍ കഴിഞ്ഞിട്ടില്ല അഫ്ഗാന്‍ ബാറ്റിങ് നിരയ്ക്ക്. ഈ ചീത്തപ്പേര് ഇന്നത്തെ മത്സരത്തിലെങ്കിലും അഫ്ഗാന് മറികടക്കാനാകുമോ എന്നതാണ് കണ്ടറിയേണ്ടത്. മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്ന ഓപ്പണര്‍ ഷഹ്‌സാദിന്റെ മടക്കവും അഫ്ഗാന്‍ ബാറ്റിങ്‌നിരക്ക് തിരിച്ചടിയായി.
അഫ്ഗാന്റെയും ഇംഗ്ലണ്ടിന്റെയും
അഞ്ചാമത്തെ മത്സരം
*ഇംഗ്ലണ്ട്
കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും വിജയം. തോറ്റത് പാകിസ്താനോടു മാത്രം. സന്തുലിതമായ ബാറ്റിങ്ങും ബൗളിങ്ങും. തുടക്കം മുതല്‍ ഒടുക്കംവരെ ഒന്നിനൊന്ന് മികച്ചവര്‍.
ഒറ്റവാക്കില്‍ വിശേഷിപ്പിച്ചാല്‍ ഈ ടീം സൂപ്പറാ. മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇതിനോടകം സെഞ്ചുറി കണ്ടെത്തിയ ഇംഗ്ലണ്ട് ടീമിന് അഫ്ഗാനെതിരേയുള്ള മത്സരം വെറും പരിശീലനമത്സരമാകാനുള്ള സാധ്യതയാണ് ഏറെയും.
ഇംഗ്ലണ്ട് നിരയിലെ സെഞ്ചുറി വീരന്‍മാര്‍
ജോറൂട്ട് (107,100)- പാകിസ്താന്‍, വിന്‍ഡീസ്
ജോസ് ബട്‌ലര്‍ (103)- പാകിസ്താന്‍
ജേസണ്‍ റോയ് (153)- ബംഗ്ലാദേശ്
അഫ്ഗാന്റെ നെഞ്ചിടിപ്പേറ്റന്‍ ഇത്രയും ധാരാളം. ഇതിനു പുറമേ ജോഫ്രാ ആര്‍ച്ചറിന്റെ തീപന്തുകളും അവര്‍ക്ക് വിനയാകും.
ഇംഗ്ലണ്ട് ക്യാംപില്‍ പരുക്കിന്റെ ആശങ്ക
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് ആ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയില്ലായിരുന്നു.
ഇതേ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനു പരുക്കേറ്റതും ഇംഗ്ലണ്ട് ക്യാംപില്‍ ആശങ്ക പരത്തിയിട്ടുണ്ട്. പരുക്കേറ്റ് ജേസണ്‍ റോയിക്ക് രണ്ട് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരും. വീറും വാശിയും കുറഞ്ഞ ഒരു മത്സരമായിരിക്കും ഇന്നത്തേത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വൈകിട്ട് മൂന്നിനാണ് മത്സരം.
ഇംഗ്ലണ്ടണ്ട് നിരയിലെ ' J ' തരംഗം
ഇംഗ്ലണ്ട് ടീമിലെ മിക്ക താരങ്ങളുടെയും പേര് ആരംഭിക്കുന്നത് ജെ എന്ന അക്ഷരത്തില്‍ നിന്നാണ് എന്നതാണ് കൗതുകമുണര്‍ത്തുന്ന ഒരു കാര്യം. അതിലേറെ രസമുള്ള കാര്യമെന്തെന്നാല്‍ ജെയില്‍ പേര് ആരംഭിക്കുന്ന ഇവരെല്ലാരുംതന്നെ ഇതുവരെയുള്ള മത്സരങ്ങളില്‍ കാഴ്ചവച്ചത് മികച്ച പ്രകടനങ്ങളാണ്.
ജേസണ്‍ റോയ്
ഇംഗ്ലണ്ടീഷ്‌നിരയിലെ ഒന്നാമന്‍. തകര്‍പ്പന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍.
കളിച്ച നാലുമത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ നേടിയത് 215 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 153 റണ്‍സ് (ബംഗ്ലാദേശിനെതിരേ)
ജോണി
ബൈര്‍സ്റ്റോ
ജേസണ്‍ റോയിയുടെ ഓപ്പണിങ് പാര്‍ട്‌നര്‍. ബൈര്‍സ്റ്റോയും മോശമാക്കിയില്ല. ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനമൊന്നും കാഴചവച്ചില്ലെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ തിളങ്ങി. ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ നേടിയത് 128 റണ്‍സ്. ഉയര്‍ന്നസ്‌കോര്‍ 51 (ബംഗ്ലാദേശ്)
ജോറൂട്ട്
ഇംഗ്ലണ്ടണ്ടിന്റെ തുരുപ്പുചീട്ട്. നാലു മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടക്കം ഇതുവരെ നേടിയത് 279 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 107 (പാകിസ്താന്‍).
ജോസ് ബട്‌ലര്‍
മധ്യനിരയിലെ പോരാളി. നാലു മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയുള്‍പ്പെടെ 183 റണ്‍സാണ് ഇതുവരെ ബട്‌ലര്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 103 (പാകിസ്താന്‍).
ജോഫ്രാ ആര്‍ച്ചര്‍
ഇംഗ്ലണ്ടണ്ട് ബൗളിങ്ങിന്റെ കുന്തമുന. ഇതുവരെ നേടിയത് ഒന്‍പതു വിക്കറ്റുകള്‍. മികച്ച പ്രകടനം 3-27 (ദക്ഷിണാഫ്രിക്ക).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."