മുഹമ്മദ് മുര്‍സി ജനനായകന്‍ (1951-2019)
''പ്രിയരേ, ഇനി നമുക്ക് പിന്നോട്ട് നടക്കാന്‍ നേരമില്ല, നമുക്ക് പുതിയൊരു നാളെയുണ്ടാകണം. സ്വസ്ഥതയും സമാധാനവും പുലര്‍ന്നു കാണുന്ന നാളെ. ലോകര്‍ക്ക് മാതൃകയാകുന്ന ഒരു നാളെ. ലോകം നമ്മെ കണ്ടിട്ട് അത്ഭുതപ്പെടണം. ഇവിടെ നമുക്ക് പ്രതികാരം ചെയ്യാനോ കണക്കുകള്‍ തീര്‍ക്കാനോ സമയമില്ല. ഇനി നാമെല്ലാം ഒന്നാണ്. എന്നെ അനുകൂലിച്ചവരെന്നോ പ്രതികൂലിച്ചവരെന്നോ രണ്ടു കൂട്ടരില്ല. നമ്മുടെ നാടിനും ജനങ്ങളുടെ നന്മക്കും വേണ്ടി നമുക്ക് ഒരുമിച്ചു നീങ്ങാം.''
ചരിത്രത്തില്‍ തങ്ക ലിപികളാല്‍ വരച്ചുവെച്ച ഈ വാക്കുകള്‍ മുഹമ്മദ് മുര്‍സിയുടേതാണ്. സ്വേഛാധിപത്യത്തിന്റെ തീച്ചൂളയില്‍ നിന്നും ലോകം സാക്ഷ്യം വഹിച്ച ഒരു വിപ്ലവാനന്തരം ജനാധിപത്യ പുലരിലേക്ക് ഉണര്‍ന്ന ഈജിപ്ഷ്യന്‍ ജനതക്കു മുന്നില്‍ ദേശീയ ചാനലിലൂടെ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍. ആധുനിക ഈജിപ്തിലെ ആദ്യത്തെ ജനാധിപത്യ ഭരണകൂടമായിരുന്നു അത്. മുര്‍സിയുടെ വാക്കുകള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ജനലക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ തഹ്‌രീര്‍ ചത്വരം അക്ഷരാര്‍ത്ഥത്തില്‍ നൃത്തം വെക്കുകയായിരുന്നു.
''പ്രിയപ്പെട്ട ജനങ്ങളേ, അല്ലാഹുവിന്റെ തൗഫീഖിനാലും നിങ്ങളുടെ തീരുമാനത്താലും ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ എഴുന്നേറ്റുനില്‍ക്കുന്നു. ഞാന്‍ നിങ്ങളേക്കാള്‍ വലിയവനോ ഉത്തമനോ അല്ല, നിങ്ങളിലെ ഒരാള്‍ മാത്രം. എനിക്ക് നിങ്ങളേക്കാള്‍ അധികാരങ്ങളില്ല, ഉത്തരവാദിത്വങ്ങളാണുള്ളത്. ഞാന്‍ അതിനെ ഒരു അമാനത്തായി കാണുന്നു. ഏറെ ഭാരമുള്ള അമാനത്ത്'- വിനയാന്വിതനായ ആ മനുഷ്യന്‍ ഇത് പറഞ്ഞപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ വന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ ജനങ്ങള്‍ വികാരാവേശത്താല്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി.
അദ്ദേഹം തുടര്‍ന്നു: ''പ്രിയ ജനങ്ങളേ, നിങ്ങള്‍ എന്റെ കുടുംബമാണ്, ബന്ധുക്കളാണ്, കൂട്ടുകാരാണ്, മക്കളാണ്, മാതാക്കളാണ്, പിതാക്കളാണ്, സഹോദരങ്ങളാണ്. നിങ്ങളെ ഞാന്‍ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് അല്ലാഹുവിനു മാത്രം അറിയാം. ഞാന്‍ നിങ്ങളുടെ അധികാരിയല്ല, സേവകനാണ്. നിങ്ങളുടെ വികാരങ്ങള്‍ തൊട്ടറിയുന്ന, നിങ്ങള്‍ക്കുവേണ്ടി സദാ സേവനംചെയ്യാന്‍ നിയോഗിതനായ ഒരു സാധാരണ സേവകന്‍. ഞാന്‍ നിങ്ങള്‍ക്കിടയില്‍ നീതി നടപ്പാക്കുവോളം നിങ്ങള്‍ എന്നോട് സഹകരിക്കുക. നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനെ അനുസരിക്കുവോളം നിങ്ങള്‍ എന്നെ അനുസരിക്കുക. അവനെ എന്ന് ധിക്കരിക്കുന്നുവോ, അന്നു മുതല്‍ നിങ്ങളെന്നെ അനുസരിക്കണമെന്നില്ല'- വിപ്ലവത്തിന്റെ തീച്ചൂടില്‍ നില്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് കുളിരായി പെയ്തിറങ്ങി ഈ വാചകങ്ങള്‍.
'ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഒരു ചരിത്ര നിമിഷത്തിലാണ്. പച്ചയായ വികാരങ്ങള്‍കൊണ്ട് എഴുതിയുണ്ടാക്കിയ, രക്തം കൊണ്ട് വര്‍ണം നല്‍കിയ, കണ്ണുനീര്‍ തുള്ളികള്‍കൊണ്ട് കഴുകി ശുദ്ധിയാക്കിയ ചരിത്ര നിമിഷം. എന്നെ നിങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തിയത് വിപ്ലവ കാലത്ത് പിടഞ്ഞുവീണ ഒട്ടനവധി രക്തസാക്ഷികളുടെ ജീവനുകളാണ്. അവര്‍ സമ്മാനിച്ചതാണ് ഈ അസുലഭ നിമിഷം. അതിനാലാണ് നമുക്ക് ജനാധിപത്യമുണ്ടായത്, പ്രസിഡന്റുണ്ടായത്. അവരുടെ വിലമതിക്കാനാകാത്ത രക്തത്തുള്ളികള്‍ എനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നുണ്ട്, ഇന്‍ശാ അല്ലാഹ്, ഞാന്‍ അത് നിര്‍വഹിക്കുക തന്നെ ചെയ്യും. അത് എന്റെ കൈകളില്‍ പാഴായിപ്പോവുകയില്ല'
കനലില്‍ ചുട്ടെടുത്ത അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വല്ലാത്ത ആര്‍ജ്ജവമുണ്ടായിരുന്നു. വിപ്ലവാനന്തരം അധികാരത്തിലേറിയ ഭരണാധികാരി ജനങ്ങളെ കൈയിലെടുക്കാനുള്ള വെറും വാചകക്കസര്‍ത്തായിരുന്നില്ല അത്. ഇസ്‌ലാം പഠിപ്പിക്കുന്ന നീതിബോധവും സാമൂഹിക പ്രതിബദ്ധതയും സമ്മേളിച്ച ധീരനായ ഒരു നേതാവിന്റെ വാക്കുകളായിരുന്നു. ദൈവത്തിന്റെ പേരില്‍ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ഈജിപ്തില്‍ പുതുജനാധിപത്യ വിപ്ലവത്തിന് ഊര്‍ജമായി.
ജനകീയ പ്രക്ഷോഭത്തിലെ വിപ്ലവ നായകന്‍
വര്‍ഷങ്ങള്‍ നീണ്ട സ്വേഛാധിപത്യത്തിന് അന്ത്യം കുറിച്ച ജനകീയ പ്രക്ഷോഭത്തിന്റെ അനന്തരഫലമായി ചരിത്രത്തിലാദ്യമായി 2012 ല്‍ നടന്ന പൂര്‍ണ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുഹമ്മദ് മുര്‍സിയെന്ന വിപ്ലവ നായകനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 2011 ല്‍ വിപ്ലവത്തിന് മുന്നില്‍ നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാപിക്കുന്നത് മുമ്പ് മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ നേതൃസ്ഥാനത്തായിരുന്നു മുര്‍സി.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു മുര്‍സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ ഉപകാര്യദര്‍ശിയുമായ ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത കല്‍പിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മത്സരിക്കുകയായിരുന്നു. മുബാറക് ഭരണകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന കാരണത്താലായിരുന്നു ശാത്വിറിന് കമീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മുര്‍സിക്ക് രാജ്യത്തെ വോട്ടര്‍മാരെ സ്വാധീനിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂര്‍ണ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുര്‍സിക്ക് അനുകൂലമായി വിധിയെഴുതി.
2012 ജൂണ്‍ 24ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ അടുത്തവര്‍ഷം ജൂലൈ നാലിനാണ് അദ്ദേഹത്തിനു കീഴില്‍ പട്ടാളമേധാവിയായിരുന്ന അബ്ദുല്‍ ഫതഹ് അല്‍ സിസി അട്ടിമറിച്ചത്. അന്നുമുതല്‍ തടവില്‍ കഴിയുകയായിരുന്ന അദ്ദേഹം, ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസുമായി ഗൂഢാലോചനടത്തി, രാജ്യദ്രോഹം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിനു മേലുള്ള കുറ്റങ്ങള്‍.
സാധാരണക്കാരനില്‍ നിന്ന് നാടിന്റെ നായകനിലേക്ക്
ഈജിപ്തിലെ ശര്‍ഖിയ്യ പ്രവിശ്യയില്‍ അദുവാ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് മുര്‍സി ജനിച്ചത്. ആറു സഹോദരന്മാരില്‍ മൂത്തവനായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്നുമുര്‍സി. ശര്‍ഖിയ്യയില്‍നിന്ന് സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1972ല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും അവിടെ നിന്നുതന്നെ Metallurgical Engineering ബിരുദാനന്തര ബിരുദവും നേടി.
1975ല്‍ ഈജിപ്ഷ്യന്‍ സൈന്യത്തിലെ കെമിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ഒരു കൊല്ലത്തിനു ശേഷം ജോലിയില്‍നിന്ന് വിരമിച്ചു. 1976ല്‍ ബ്രദര്‍ഹുഡ് ചിന്തകളില്‍ ആകര്‍ഷിക്കപ്പെടുകയും 1979ല്‍ സംഘടനയില്‍ അംഗമാവുകയും ചെയ്തു. അതേ വര്‍ഷം ഉപരിപഠനാര്‍ഥം അമേരിക്കയിലേക്ക് പോയ മുര്‍സി 1982ല്‍ സൗത്ത് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി ജോലി നോക്കി. പിന്നീട് 1985ല്‍ ഈജിപ്തിലേക്ക് മടങ്ങി. 2010 വരെ ഈജിപ്തിലെ സക്കായിക് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ മെറ്റീരിയല്‍ എഞ്ചിനീയറിംഗ് വിഭാഗം തലവനായി സേവനമനുഷ്ഠിച്ചു.
ഈജിപ്തില്‍ തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലും ട്രേഡ് യൂനിയന്‍ രംഗത്തും സജീവമായി. സയണിസ്റ്റ്‌വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 2000ത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം ബ്രദര്‍ഹുഡിന്റെ പാര്‍ലമെന്ററി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് മുബാറകിന്റെ മര്‍ദക ഭരണത്തിനെതിരെ പാര്‍ലമെന്റില്‍ നടത്തിയ നിരന്തര പോരാട്ടം ലോകോത്തര പാര്‍ലമെന്റേറിയന്‍ എന്ന ആഗോള അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കി.
2005ലും മത്സരിച്ചുവെങ്കിലും ഇലക്ഷന്‍ കൃത്രിമം കാരണം പരാജയപ്പെട്ടു. രാഷ്ട്രീയ ജീവിതത്തില്‍ പലപ്പോഴായി ജയില്‍വാസവും അനുഭവിച്ചു.
ഇമ്പമുള്ള കുടുംബം
കുടംബത്തിനും പകര്‍ന്നു നല്‍കി അദ്ദേഹം തന്റെ ആദര്‍ശം. അഞ്ചു മക്കളാണ്. ഭാര്യ നജ്‌ല മഹ്മൂദ് (ഉമ്മു അഹ്മദ്).
മുര്‍സി അധികാരമേറ്റപ്പോള്‍ പത്രക്കാര്‍ അവരെ രാഷ്ട്രത്തിന്റെ പ്രഥമ വനിതയെന്നു വിശേഷിപ്പിച്ചു. അത് അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ഉടനെ തിരുത്തി: ''നിങ്ങള്‍ അങ്ങനെ വിളിക്കരുത്. ഞാന്‍ പ്രഥമ വനിതയല്ല, പ്രഥമ സേവകയാണ്, നിങ്ങളെപ്പോലെ നിങ്ങളില്‍നിന്നുള്ള ഒരാള്‍ മാത്രം. നമുക്കിടയില്‍ എന്തിനാണ് വിവേചനങ്ങള്‍. രണ്ടു വ്യക്തികള്‍ക്കിടയില്‍ അന്യായമായി വിവേചനങ്ങള്‍ സൃഷ്ടിക്കുന്നതിനെ ഇസ്‌ലാം കണിശമായി വിലക്കുന്നു'.
സൂസന്‍ മുബാറക്, ജീഹാന്‍ സാദാത്ത്, തഹിയ്യ ജമാല്‍ തുടങ്ങി ധൂര്‍ത്തില്‍ മയങ്ങി നടന്ന പ്രഥമവനിതകളെ മാത്രം പരിചയിച്ച ഈജിപ്തിന് ഇത് പുതിയ അനുഭവമായിരുന്നു.
മുര്‍സിയുടെ പാഠശാലയില്‍ വളര്‍ന്ന മകന്‍ അബ്ദുല്ലക്കും പിതാവിനോട് ചിലത് പറയാനുണ്ടായിരുന്നു. പിതാവിന്റെ പ്രഭാഷണത്തിന് പ്രതികരണമായി മകന്‍ ജനങ്ങളുടെ ചേരിയില്‍നിന്നുകൊണ്ട് ഫേസ് ബുക്കില്‍ എഴുതിയിട്ടു: ''ഞങ്ങളുടെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ അനുസരിക്കുന്നുവെങ്കില്‍ ഞങ്ങളും താങ്കളെ അനുസരിക്കും. വിപ്ലവത്തില്‍ രക്തസാക്ഷികളായവരുടെയും അംഗവൈകല്യം അനുഭവിക്കുന്നവരുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ താങ്കള്‍ പിന്നോട്ടുപോയാല്‍, വിപ്ലവത്തിന്റെ ബാക്കി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ താങ്കള്‍ക്കെതിരെ വിപ്ലവം നയിക്കാന്‍ മുന്‍നിരയില്‍ ഞാനുണ്ടാകും.''
ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രസിഡന്‍ഷ്യല്‍ പാലസില്‍ തങ്ങുകയും തനിക്കാ താമസിക്കാന്‍ അവിടം അനുയോജ്യമല്ലെന്ന് പറയുകയും ചെയ്തിരുന്നു മുഹമ്മദ് മുര്‍സി.
ഇന്ത്യയിലുമെത്തി സൗഹൃദം പുതുക്കാന്‍
ഹുസ്‌നി മുബാറക്കിന്റെ ഭരണകാലത്ത് രാജ്യം വിട്ടുപോകാന്‍ അനുവാദം ഇല്ലാതിരുന്ന മുര്‍സി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 2013 മാര്‍ച്ചില്‍ അദ്ദേഹം ഇന്ത്യയും സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദര്‍ശത്തിനിടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, ഇ. അഹ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സാമ്പത്തികബന്ധവും സഖ്യവും ശക്തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്തും ഏഴു കരാറുകളില്‍ ഒപ്പിട്ടിരുന്നു. പ്രതിരോധരംഗത്തും യു.എന്‍ അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വര്‍ധിപ്പിക്കാനും മുര്‍സിയും മന്‍മോഹന്‍ സിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും ധാരണയിലെത്തി.
ഏകാന്തത്തടവിന്റെ ആറാണ്ടുകള്‍
അന്താരാഷ്ട്ര ജയില്‍ നിയമങ്ങള്‍ പോലും പാലിക്കാതെ ഈജിപ്ത് സര്‍ക്കാര്‍ തടങ്കലിലാക്കിയമുര്‍സി ജയിലില്‍ മരണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് എം.പിമാരും അഭിഭാഷകരുമടങ്ങുന്ന സമിതി 2018 മാര്‍ച്ചില്‍ പുറംലോകത്തെ അറിയിച്ചിരുന്നു. ഡിറ്റന്‍ഷന്‍ റിവ്യു പാനല്‍ (ഡി.ആര്‍.പി) റിപ്പോര്‍ട്ടില്‍ ചികിത്സയടക്കം മുര്‍സിക്ക് നിഷേധിച്ചിരിക്കുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. അകത്ത് കടന്നാല്‍ മൃതശരീരമായല്ലാതെ പുറത്തേക്ക് കടക്കാന്‍ കഴിയാത്ത വിധമാണ് ജയിലിന്റെ പ്രത്യേകതയെന്നാണ് വാര്‍ഡന്‍മാരിലൊരാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടീഷ് എം.പിയായ ക്രിസ്പിന്‍ ബ്ലണ്ടിന്റെ നേതൃത്വത്തിലായിരുന്നു സമിതി.
സ്‌കോര്‍പിയണ്‍ പ്രിസണ്‍ എന്നറിയപ്പെടുന്ന തോറയില്‍ പ്രവേശിപ്പിച്ചിരുന്ന മുര്‍സിക്ക് മൂന്നു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കുടുംബത്തെ കാണാന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."