4 സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനിക ഓഫിസറടക്കം നാലു സൈനികര്‍ക്കു വീരമൃത്യു. സംഭവത്തില്‍ മൂന്നു നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും സൈന്യം വ്യക്തമാക്കി. ഒരു സൈനിക ഓഫിസര്‍, രണ്ടു സൈനികര്‍, ഒരു ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുപ്വാരയിലെ മാചില്‍ സെക്ടറില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
ഏപ്രിലിനു ശേഷം ജമ്മു കശ്മിരില്‍ നടക്കുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിതെന്നു സൈന്യം വ്യക്തമാക്കി. പുലര്‍ച്ചെ ഒന്നോടെ മാചില്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പെട്ട സൈന്യം സംയുക്തമായി തിരച്ചിലിനെത്തുകയായിരുന്നു. ഇതോടെ വെടിവയ്പുണ്ടാകുകയായിരുന്നെന്നാണ് വിശദീകരണം. ഇതിലാണ് ത്രിപുര സ്വദേശിയായ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ സുധീപ് കുമാര്‍ വീരമൃത്യുവരിച്ചത്. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. വെടിവയ്പ് മൂന്നു മണിക്കൂറോളം നീണ്ടുനിന്നെന്നും സൈന്യം വിശദീകരിക്കുന്നു.
പിന്നീട് പുലര്‍ച്ചെ നാലോടെ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി. തിരച്ചില്‍ വ്യാപകമാക്കിയതോടെ രാവിലെ പത്തരയോടെ വീണ്ടും വെടിവയ്പുണ്ടാകുകയായിരുന്നു. ഇതിലാണ് മൂന്നു സൈനികര്‍കൂടി മരിച്ചത്. രണ്ടു തീവ്രവാദികളെകൂടി വെടിവയ്പ്പില്‍ വധിക്കുകയും ചെയ്തു.
മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനിടെ ആകെ മൂന്നു നുഴഞ്ഞുകയറ്റക്കാരെ വധിച്ചെന്നും രണ്ടു സൈനികര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും സൈനിക വക്താവ് രാജേഷ് കാലിയ വ്യക്തമാക്കി. പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്കു മാറ്റി.
പ്രദേശത്തുനിന്നു തോക്കുകളടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെന്നും അതിനാല്‍ ഇവിടെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."