കത്തയച്ച് സോണിയ; ട്രോളില്‍ മുങ്ങി മോദിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: അമേരിക്കയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനും ആശംസകളുമായി ഇന്ത്യയിലെ നേതാക്കള്‍. സോണിയാ ഗാന്ധി ഇരുവര്‍ക്കും ആശംസ നേരുകയും കത്തയയ്ക്കുകയും ചെയ്തപ്പോള്‍, നേരത്തെ ട്രംപിനു വോട്ടുതേടി ഇപ്പോള്‍ ബൈഡന് ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് ട്രോളില്‍ മുങ്ങി.
വൈകാതെ തന്നെ കമലാ ഹാരിസിന് ഇന്ത്യയില്‍ സ്വീകരണം നല്കാന് സാധിക്കുമെന്നു പ്രത്യാശിക്കുന്നതായി അവര്‍ക്കെഴുതിയ കത്തില്‍ സോണിയ വ്യക്തമാക്കി. ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ സാധിക്കട്ടേയെന്ന് ആശംസിക്കുകയും വിഭാഗീയത വളര്‍ത്തുന്നതിനെതിരായ പ്രസംഗങ്ങളില്‍ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തായിരുന്നു സോണിയാ ഗാന്ധിയുടെ കത്ത്.
ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന്റെ വിജയത്തെ പ്രശംസിച്ച അവര്‍, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തമാക്കാന്‍ ഇത് ഉപകരിക്കുമെന്നും വ്യക്തമാക്കി.
ബൈഡന്റെയും കമലാ ഹാരിസിന്റെയും തെരഞ്ഞെടുപ്പ് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കട്ടേയെന്നായിരുന്നു മോദിയുടെ ട്വീറ്റ്. നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ, ഡൊണാള്‍ഡ് ട്രംപിന് വോട്ടുതേടിയ മോദിയുടെ നടപടി പരക്കേ വിമര്‍ശിക്കപ്പെട്ടിരുന്നു.
മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പില്‍ ഇന്ത്യ പക്ഷം ചേരുന്നതിനെ വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."