പ്രവാസിയുടെ ആത്മഹത്യ: നഗരസഭയുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍, പങ്കില്ലെന്ന് നഗരസഭാ അധ്യക്ഷ
കണ്ണൂര്‍: പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്തതിനുപിന്നില്‍ ആന്തൂര്‍ നഗരസഭയുടെ അനാസ്ഥയാണെന്ന് ബന്ധുക്കളും കുടുംബവും ആവര്‍ത്തിക്കുമ്പോള്‍ സംഭവത്തില്‍ നഗരസഭക്ക് പങ്കില്ലെന്ന് ആന്തൂര്‍ നഗരസഭാ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമള.
നഗരസഭാ ഉദ്യോഗസ്ഥരുടെ അനാസ്ഥയും മറ്റും കാരണമാണ് ഓഡിറ്റോറിയത്തിനുള്ള അനുമതി വൈകാന്‍ കാരണമെന്നുതന്നെയാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. അതേ സമയം മെയ് അവസാനവാരത്തിലാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി തേടിയുള്ള ഫയല്‍ സെക്രട്ടറിക്ക് മുന്നിലെത്തിയതെന്ന് പി.കെ ശ്യാമള പറഞ്ഞു. ഈ ഫയലില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പി.കെ ശ്യാമള വിശദീകരിച്ചു.
സംഭവിച്ച കാര്യങ്ങളില്‍ ദു:ഖമുണ്ട്. നഗരസഭയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഓഡിറ്റോറിയത്തിനെതിരേ അനധികൃത നിര്‍മാണം എന്ന പരാതിയുണ്ടായിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അപേക്ഷ ഭരണസമിതിക്ക് മുന്‍പില്‍ വന്നിട്ടില്ല.
നഗരസഭയ്ക്ക് യാതൊരു വിരോധവും സാജനോട് ഉണ്ടായിട്ടില്ല. കഴിഞ്ഞ എപ്രില്‍12-നാണ് സാജന്‍ കെട്ടിട്ടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പരിഹരിക്കണമെന്ന് സാജനോട് ആവശ്യപ്പെടുകയും ചെയ്തു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഈ ഓഡിറ്റോറിയത്തില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നുവെന്നും ഒരു വിവാഹത്തില്‍ താന്‍ നേരിട്ട് പങ്കെടുത്തതാണെന്നും പി.കെ ശ്യാമള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."