വെല്ലുവിളികളെ അതിജീവിക്കുന്ന പുതിയ കേരളമാണ് ലക്ഷ്യം: മന്ത്രി
ആലപ്പുഴ: ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെകൂടി അതീജീവിക്കുന്ന പുതിയ കേരളസൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍. നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണയജ്ഞം അരൂര്‍ മണ്ഡലത്തിലെ പൂച്ചാക്കല്‍, എരമല്ലൂര്‍ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ സാമ്പത്തിക സ്ഥിതിയുള്ളതല്ല ആലപ്പുഴ ജില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സര്‍വാത്മന ജനം പണം നല്‍കുകയാണ്. പണം തരാന്‍ കഴിവും സന്മനസും ഉള്ളവരില്‍ 40 ശതമാനം പേര്‍ മാത്രമാണ് ഇപ്പോഴും സഹായം എത്തിച്ചിട്ടുള്ളത്. 20ന് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ധനസമാഹരണത്തോടെ മണ്ഡലതല ധനസമാഹരണം സമാപിക്കുമെങ്കിലും ബാക്കിയുള്ള 60 ശതമാനത്തിലേക്കുകൂടി എത്തുന്ന പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ നഷ്ടം 40,000 കോടി രൂപയോളമാകുമെന്നാണ് കരുതുന്നത്. ചെലവെത്രയായാലും നഷ്ടമായതെല്ലാം പുനര്‍നിര്‍മിക്കണം. ദുരിതാശ്വാസനിധിയില്‍ 1300 കോടി രൂപ ആയിട്ടുണ്ട്. ജില്ലാതല സമാഹരണം കഴിയുന്നതോടെ 280 കോടി കൂടി കിട്ടും. ബാക്കി ആവശ്യമായ തുക വായ്പയെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുമായി മല്ലിടാതെ പുതിയ കാലത്ത് പുതിയ രീതിയില്‍ ജീവിക്കാന്‍ കേരളത്തെ സജ്ജമാക്കേണ്ടതുണ്ട്. ലോകത്തിന് മലയാളിയോടുള്ള സ്‌നേഹം പ്രകടമാകുന്ന സന്ദര്‍ഭമാണിത്. ഏതു രാജ്യത്തിന്റെയും വികസന പ്രക്രിയയില്‍ മലയാളിയുണ്ട്. സാര്‍വദേശീയ പൗരത്വമുള്ള മറ്റൊരു പൗരനും ഉണ്ടാകില്ല. അത്തരം നാടുകളില്‍നിന്നുള്ള സാങ്കേതിക പരിജ്ഞാനവും കൂടി പുനര്‍നിര്‍മാണത്തിന് വിനിയോഗിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് നിന്നാല്‍ എല്ലാം അതിജീവിക്കാമെന്ന സന്ദേശമാണ് ഈ ദുരന്തം മലയാളിക്ക് നല്‍കിയതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പുതിയ കേരള സൃഷ്ടിക്കും ഈ ഒത്തൊരുമയുണ്ടാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ലോകം മുഴുവന്‍ ശ്ലാഘിക്കുന്ന ഒത്തൊരുമയും അതീജിവനുമാണ് നാം കാണിച്ചത്. ഇനിയുള്ള പ്രതിസന്ധികളെയും നാമൊറ്റക്കെട്ടയായി അതീജീവിക്കുമെന്ന് മന്ത്രി പറഞ്ഞു. എ.എം ആരിഫ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ മറ്റുജനപ്രതിനിധികള്‍, വിവിധ വകുപ്പു തലവന്മാര്‍ പങ്കെടുത്തു. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എന്‍. പദ്മകുമാര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."