ഫാത്തിമ ലത്തീഫിന്റെ മരണം ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം
കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞിട്ടും എങ്ങുമെത്താതെ സി.ബി.ഐ അന്വേഷണം. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനും അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനെത്തുമെന്ന് അധികൃതര്‍ ഫോണില്‍ വിളിച്ചറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരെയും മൊഴിയെടുക്കാന്‍ എത്തിയില്ലെന്നും പിതാവ് ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തു മാസത്തിലധികമായി സി.ബി.ഐയ്ക്ക് അന്വേഷണം വിട്ടുനല്‍കിയിട്ട്. മരണത്തിന് കാരണക്കാരനായ അധ്യാപകന്റെ പേര് മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിവച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ ഇപ്പോഴും ഐ.ഐ.ടിയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2019 നവംബര്‍ ഒന്‍പതിനാണ് ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കൊല്ലം രണ്ടാംകുറ്റി കീലോന്‍തറയില്‍ ഹൗസില്‍ ലത്തീഫിന്റെ മകളുമായ ഫാത്തിമയെ ചെന്നൈയില്‍ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണം നടത്തിയ തമിഴ്‌നാട് കോട്ടൂര്‍പുരം പൊലിസിനെതിരേ പരാതി ഉയര്‍ന്നതോടെ ചെന്നൈ സിറ്റി പൊലിസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു. അഡിഷണല്‍ കമ്മിഷണര്‍ സി. ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 41 എം.പിമാര്‍ ഒപ്പിട്ട നിവേദനവുമായി ഫാത്തിമയുടെ കുടുംബവും അന്നത്തെ കൊല്ലം മേയര്‍ വി. രാജേന്ദ്രബാബുവും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷായെ കാണുകയും തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. വനിതാ ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. പ്രധാനമന്ത്രിയേയും സംഘം സന്ദര്‍ശിച്ചിരുന്നു. സി.ബി.ഐ ചെന്നൈ യൂനിറ്റില്‍ നിന്ന് നാല് തവണ ഫാത്തിമയുടെ വീട്ടില്‍ വിളിച്ചു വിവരങ്ങള്‍ തേടി. മൊഴിയെടുക്കാന്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ലോക്ക്ഡൗണ്‍ ആയതോടെ അന്വേഷണം നിലച്ചു. ഈ മാസം രണ്ടിന് സി.ബി.ഐ സംഘം വീണ്ടും വിളിച്ച് വൈകാതെ എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഒരു വിവരവുമില്ല. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സത്വര നടപടി വേണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."