പ്രളയബാധിത പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ക്രൗഡ് ഫണ്ടിങ്
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മിക്കാന്‍ ക്രൗഡ് ഫണ്ടിങ്ങിന് സര്‍ക്കാര്‍. പുനര്‍നിര്‍മാണത്തിന് സഹായം നല്‍കുന്ന കണ്‍സല്‍ട്ടന്‍സിയായ കെ.പി.എം.ജി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലെ ശുപാര്‍ശയായ ക്രൗഡ് ഫണ്ടിങ് മാതൃക ഇന്നലെ മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
വീടുകള്‍, ഉപജീവന മാര്‍ഗങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നിബന്ധനകള്‍ക്ക് വിധേയമായി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് ക്രൗഡ് ഫണ്ടിങ് വഴിയാക്കണമെന്നാണ് കെ.പി.എം.ജിയുടെ പ്രധാന നിര്‍ദേശം.വിദേശത്തുള്ള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ക്രൗഡ് ഫണ്ടിങ്ങിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
പ്രളയദുരിതം നേരിടുന്ന സ്ഥലങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ഈ സഹായ വാഗ്ദാനങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരിക, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ലോകത്തെ അറിയിക്കുക എന്നിവയാണ് ക്രൗഡ്ഫണ്ടിങ്ങിന്റെ ആദ്യഘട്ടം.ഇതിനായി ഒരു മിഷന്‍ രൂപീകരിക്കും. മുഖ്യമന്ത്രി മടങ്ങിയെത്തിയതിനു ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മിഷന്റെ ഘടന തീരുമാനിക്കും. ക്രൗഡ് ഫണ്ടിങ്ങിനായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കും. ആവശ്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍, അതിന് കൂടുതല്‍ പ്രതികരണം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ജനങ്ങള്‍ ഫണ്ട് ചെയ്യുന്ന ചെറുതും വലുതുമായ പദ്ധതികള്‍ പുനര്‍നിര്‍മാണത്തിന് ഏറെ സഹായകരമാകും. വീടുകളുടെ നിര്‍മാണം, പൊതു സംവിധാനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെയെല്ലാം മാതൃക, സുരക്ഷാമനദണ്ഡങ്ങള്‍ എന്നിവ സര്‍ക്കാര്‍ തീരുമാനിക്കും. മുന്‍ഗണനാ ക്രമത്തില്‍ ഓരോ പദ്ധതിയും വ്യക്തികള്‍, വ്യവസായികള്‍, പ്രവാസികള്‍, സംഘടനകള്‍ എന്നിവരെ ഏല്‍പ്പിക്കും.
ക്രൗഡ്ഫണ്ടിങിനായി സര്‍ക്കാര്‍ രൂപം നല്‍കുന്ന മിഷന്‍ സ്‌പോണ്‍സര്‍മാരുമായി കരാറൊപ്പിടും. ഓരോ ജില്ലകളിലും സ്‌പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. കെ.പി.എം.ജി പ്രാഥമിക റിപ്പോര്‍ട്ട് മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും അത് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടില്‍ മറ്റു ചില നിര്‍ദേശങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."