ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം
ഷിംല: ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 യാത്രക്കാര്‍ മരിച്ചു. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്ന് പൊലിസ് അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ബസിന് മുകളിലിരുന്നവരാണ് മരിച്ചവരിലധികവുമെന്നാണ് വിവരം. കുളുവിന് സമീപം ബഞ്ജാറിലായിരുന്നു അപകടമെന്നും ഏറെ വൈകിയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലിസ് അറിയിച്ചു.
ബഞ്ജാറില്‍ നിന്ന് ഗഡാഗുഷാനിയിലേക്ക് പോകുകയായിരുന്നു ബസ്. 500 അടി താഴ്ചയിലേക്കായിരുന്നു ബസ് വീണത്. പരുക്കേറ്റവരെല്ലാം കുളു സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രക്കാരെ കുത്തി നിറച്ചും അശ്രദ്ധമായി വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമായതെന്ന് കുളു പൊലിസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു.
അപകടത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ആചാര്യ ദേവ വ്രത്, മുഖ്യമന്ത്രി ജെയ് റാം താക്കൂര്‍ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പരുക്കേറ്റവരെയും അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനുമായി സംസ്ഥാന ഗതാഗത മന്ത്രി ഗോവിന്ദ് സിങ് താക്കൂര്‍ കുളുവിലേക്ക് തിരിച്ചിട്ടുണ്ട്. അതിനിടയില്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കും അടിയന്തര ധനസഹായമായി 50,000 രൂപ വീതം കുളു ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."