എ.ടി.എം തട്ടിപ്പ്; എന്‍ജിനീയറുടെ മുപ്പതിനായിരം രൂപ നഷ്ടപെട്ടു
പോത്തന്‍കോട്: എ.ടി.എം തട്ടിപ്പിനിരയായ റിട്ട.ബി.എസ്.എന്‍.എല്‍. സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ക്ക് മുപ്പതിനായിരം രൂപ നഷ്ടമായി. കഴക്കൂട്ടം സൈനിക സ്കൂളിന് സമീപം ആമ്പല്ലൂര്‍ അശ്വതിയില്‍ സലീമിന്റെ അക്കൗണ്ടിലെ പണമാണ് നഷ്ടമായത്. ഇന്നലെ വൈകുന്നേരം 5.45 നായിരുന്നു സംഭവം.
രാഹുല്‍രാജ് എന്ന് പരിചയപ്പെടുത്തിയ ആള് എസ്.ബി.ഐ യില്‍ നിന്നാണെന്ന് പറഞ്ഞാണ് സലീമിന്റെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചത്. എസ്.ബി.ടിയില്‍ നിന്ന് എസ്.ബി.ഐ. ലേക്കുള്ള പുതിയ എ.ടി.എം കാര്‍ഡിനായുള്ള വെരിഫിക്കേഷന് വേണ്ടിയാണ് വിളിക്കുന്നതെന്നും പറഞ്ഞു. സലീമിന്റെ എ.ടി.എം കാര്‍ഡിന്റെ ആദ്യത്തെ നാല് നമ്പര്‍ പറഞ്ഞശേഷം പിന്നെയുള്ളത് എത്രയെന്ന് സലീമിനോട് ചോദിച്ചു. സംസാരത്തില്‍ സംശയമൊന്നും തോന്നാത്തതിനാല്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. തുടര്‍ന്ന് വന്‍ ടൈം പാസ്വേഡ് (ഒ.റ്റി.പി.). മെസെജായി വരുമെന്നും അത് രേഖപ്പെടുത്തിയശേഷം ആദ്യം വന്ന മെസേജുകള്‍ ഡെലീറ്റ് ചെയ്യാനും പുതിയ മെസോജ് വരുമെന്നും പറഞ്ഞു വിളിച്ചയാള്‍ ഫോണ്‍ കട്ടുചെയ്തു. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് 30000 രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയെന്ന സന്ദേശമാണ് ബാങ്കില്‍ നിന്നു വന്നത്.
കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ എസ്.ബി.ഐ.പള്ളിപ്പുറം ബ്രാഞ്ചില്‍ എത്തിയ സലിം എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് മാനേജര്‍ക്കും കഴക്കൂട്ടം പൊലിസിലും പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."