വിശുദ്ധ മാസം പടിവാതിലില്‍, ഒരുക്കങ്ങള്‍ പൂര്‍ണം
ഈരാറ്റുപേട്ട:അടുത്തയാഴ്ച പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാന്‍ വന്നെത്തുമ്പോള്‍ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മുസ്‌ലിം ഭവനങ്ങളും മസ്ജിദുകളും. ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വൃതാനുഷ്ഠാനത്തിന്റെ തയ്യാറെടുപ്പിലാണ് മുസ്‌ലിങ്ങള്‍. മുസ്‌ലീം ഭവനങ്ങള്‍ കഴുകി വൃത്തിയാക്കുന്ന തിരക്കിലാണ് വീട്ടമ്മമാര്‍. മസ്ജിദുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയും, നമസ്‌ക്കരിക്കാനുള്ള സൗകര്യങ്ങള്‍ കൂട്ടിയും മോടിപിടിപ്പിച്ചും റമസാനായി ഒരുങ്ങിക്കഴിഞ്ഞു. തറാവീഹ് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ ഖുര്‍ആന്‍ മനപാഠമാക്കിയവരെ മിക്ക മസ്ജിദുകളിലും നിയമിച്ചുകഴിഞ്ഞു.
റമസാനില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പഠനക്ലാസ്സുകള്‍ നടത്തുവാനുള്ള ഒരുക്കത്തിലാണ് മഹല്ല് ഭാരവാഹികള്‍. അതുകൂടാതെ പള്ളികളില്‍ നടത്താറുള്ള സമൂഹ നോമ്പുതുറക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിന്റെ തിരക്കിലാണ് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികള്‍. മുസ്‌ലിം സംഘടനകളും കുടുംബ സംഘടനകളും സാധുക്കള്‍ക്ക് നോമ്പു തുറക്കാനുള്ള കിറ്റുകള്‍ വീടുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
റമസാനിലുടനീളം വിവിധ മതസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ സംഘടനകളുടെ സമൂഹ നോമ്പു തുറകള്‍ വിവിധ പ്രദേശങ്ങളില്‍ നടക്കും. പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന വിശുദ്ധ റമസാനിനെ ഹൃദയംകൊണ്ട് സ്വീകരിക്കുകയും ദൈവസ്മരണയിലൂടെയും ധര്‍മ്മങ്ങളിലൂടെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനുള്ള അവസരമായി വിശ്വാസ സമൂഹം ഉപയോഗപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."