എക്‌സല്‍ ഗ്ലാസ്: തൊഴിലാളികള്‍ കലക്ടറേറ്റ് വലംവച്ച് പ്രതിഷേധിച്ചു
ആലപ്പുഴ : ആറുവര്‍ഷമായി പ്രവര്‍ത്തനം നിലച്ച പാതിരപ്പള്ളി എക്‌സല്‍ ഗ്ലാസസ് തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ വേറിട്ട പ്രതിഷേധ സമരം നടത്തി. ഇ.എം.എസ് സ്റ്റേഡിയത്തില്‍ നിന്നും പ്രകടനമായെത്തിയ തൊഴിലാളികള്‍ കലക്ടറേറ്റിന് മൂന്നുതവണ വലംവച്ചായിരുന്നു പ്രതിഷേധിച്ചത്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ജില്ലാഭരണകൂടം നിസംഗത വെടിയുക എന്നിങ്ങനെ ആവശ്യപ്പെട്ട ജീവനക്കാര്‍ തങ്ങളുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും ജില്ലാ ഭരണകേന്ദ്രത്തിന്റെ മുന്നില്‍ നിന്ന് മുദ്രാവാക്യരൂപേണ വിളിച്ചുപറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലവിലെ ധനമന്ത്രിയുമായ ടി.എം തോമസ് ഐസക്ക് എക്‌സല്‍ ഗ്ലാസ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉടന്‍ തുറക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധികാരത്തില്‍ എത്തി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം കഴിഞ്ഞിട്ടും കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിനെക്കുറിച്ച് മന്ത്രി ശ്രദ്ധിക്കുന്നില്ലെന്നാണ് ഭരണകക്ഷിയിലെ തന്നെ പ്രമുഖ തൊഴിലാളി സംഘടനകളുടെ തന്നെ ആക്ഷേപം.
ഇതിനിടയില്‍ ഈ തൊഴിലാളി സംഘടനകള്‍ സമരരംഗത്ത് എത്തിയെങ്കിലും നേതൃത്വത്തിന്റെ ശാസനയെതുടര്‍ന്ന് ഇവര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് തൊഴിലാളി സംഘടനകളുടെ പിന്‍തുണയില്ലാതെ തൊഴിലാളികള്‍ സ്വയം സംഘടിച്ച് സമരരംഗത്ത് എത്തിയത്. കഴിഞ്ഞ 37 ആഴ്ചകളായി എല്ലാ ഞായറാഴ്ചയിലും കമ്പനി പടിക്കല്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സത്യഗ്രഹം സംഘടിപ്പിച്ചുവരുകയാണ്.
കലക്ടറേറ്റിന് മുന്നില്‍ നടന്ന സമ്മേളനത്തില്‍ ടി.പി.ഷാജി, കെ.എസ്.റോബര്‍ട്ട്, ജീവന്‍, അനീഷ് സി.ജി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."