പാനൂര്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും പ്ലാസ്റ്റിക് മുക്തമാക്കാന്‍ പദ്ധതി മാലിന്യങ്ങള്‍ നാടു കടത്തിത്തുടങ്ങി
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂരും പരിസര പ്രദേശത്തും മാലിന്യ പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നാടു കടത്തിതുടങ്ങി.
എല്ലാ വീടുകളില്‍ നിന്നും കടകമ്പോളങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തു തുടങ്ങിയത്. മാലിന്യങ്ങളുമായി ഇരുപതോളം ലോറികള്‍ മൈസൂരിലെ റീസൈക്ലിങ് യൂനിറ്റിലേക്ക് പുറപ്പെട്ടു. പാനൂര്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ കരിയാട് പ്രദേശത്തെ കടകളില്‍ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുപ്പികള്‍, കടലാസുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് മാലിന്യങ്ങള്‍ ലോറികളില്‍ കയറ്റി അയക്കുന്നത്. വരും ദിവസങ്ങളില്‍ മാലിന്യങ്ങളുമായി കൂടുതല്‍ ലോറികള്‍ മൈസൂരിലേക്ക് പുറപ്പെടും. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് വാര്‍ഡ് തലങ്ങളില്‍ അറിയിപ്പുകള് നല്‍കിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. നഗരസഭാ പരിധിക്കുള്ളിലെ മുഴുവന്‍ കടകളിലും പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗം, ലൈസന്‍സ് എന്നിവ പരിശോധിക്കുന്നതിന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."