ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മുംബൈ പൊലിസ്
മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മുംബൈ പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാന്‍ ഇത് അത്യാവശ്യമാണെന്നും പൊലിസ് വ്യക്തമാക്കി. ഡി.എന്‍.എ സാംപിള്‍ എടുക്കാന്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കണം. ബിനോയ് ഒളിവില്‍ ആയതിനാല്‍ അന്വേഷണം മുന്നോട്ടു നീങ്ങുനില്ലെന്നും പൊലിസ് കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതിഭാഗം ഡി.എന്‍.എ പരിശോധനയെ കോടതിയില്‍ എതിര്‍ത്തു. യുവതിയുടെ പരാതി വ്യാജമായതിനാല്‍ ഡി.എന്‍.എ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
അതേസമയം ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹരജി വിധി പറയാനായി മുംബൈ കോടതി മാറ്റിവച്ചു. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് ഹരജി നല്‍കിയിരിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്ന് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം. കേസ് കെട്ടിച്ചമച്ചതാണ് എന്നതിന് യുവതി നല്‍കിയ പരാതി തന്നെയാണ് തെളിവെന്നും അഭിഭാഷകന്‍ പറഞ്ഞു. യുവതിയുടെ പരാതിയും പൊലിസിന്റെ എഫ്.ഐ.ആറും പരിശോധിച്ചാല്‍ മനസിലാവുന്നത് ഇവര്‍ ദമ്പതികളെ പോലെ ജീവിച്ചു എന്നാണെന്നും പിന്നെ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുകയെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു.
മുംബൈയില്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു എന്ന് യുവതി പറയുന്ന സമയത്ത് ബിനോയ് ദുബൈയിലായിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയ് കോടിയേരിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരേ മുംബൈ പൊലിസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചു വച്ചാണ് ബിനോയ് തനിക്ക് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തതെന്നും ഈ ബന്ധത്തില്‍ എട്ട് വയസുള്ള ഒരു മകനുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ പൊലിസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."