തകര്‍ന്ന റോഡുകളും നടപ്പാതകളും; നഗരയാത്രകള്‍ നരക തുല്യമാക്കുന്നു
പാലക്കാട്: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഓടകളും തകര്‍ന്ന നടപ്പാതകളും യാത്ര ദുരിതം തീര്‍ക്കുന്നു. ഭരണത്തിലെത്തിയാല്‍ പലതും ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയ നഗരഭരണക്കാര്‍ പത്രത്താളുകളിലെ പ്രസ്താവനയില്‍ മാത്രം ഒതുങ്ങുന്നു ഭരണം. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി കൃത്യമായി യോഗം ചേരുന്നതായി കൗണ്‍സിലര്‍മാര്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങളൊന്നും നടക്കുന്നില്ല.
റോഡ് നിര്‍മാണം അറ്റകുറ്റപ്പണി, ഡ്രെയിനേജ് തുടങ്ങി ഇരുന്നൂറോളം പ്രവൃത്തികളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നടത്തേണ്ടിയിരുന്നത്. ഏകദേശം പത്തുകോടിയോളം രൂപയുടെ പ്രവൃത്തി ഉണ്ടാവും. എന്നാല്‍ അടുത്ത ബജറ്റ് എത്തിയിട്ടും 20 ശതമാനം പണി മാത്രമെ നടന്നിട്ടുള്ളു. ഇതുകൂടാതെ പാലക്കാട് മണ്ഡലത്തിലെ റോഡ് പ്രവൃത്തിക്കായി എം.എല്‍എ ഫണ്ടിലേക്ക് ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്. എന്നാല്‍, നഗരവാസികളോട് എം.എല്‍.എയും വൈമുഖ്യം കാട്ടുകയാണ്.
കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ച റോഡ് നിര്‍മാണ പ്രവൃത്തിക്കുള്ള തുക മുക്കാലും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. ഒരുമാസത്തിനിടെ മുഴുവന്‍ പ്രവൃത്തിയും ചെയ്തു തീര്‍ക്കാനാവില്ല. അഞ്ചു ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തികളുടെ ഇ ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടേയുള്ളു. റോഡ് അറ്റകുറ്റപ്പണി ഉള്‍പ്പെടെ ചെറിയ പ്രവൃത്തി പോലും നടത്താന്‍ ഭരണസമിതിക്ക് ആവുന്നില്ല.
പാലക്കാട് ഗവ.മോയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വി.എച്ച് റോഡിലേക്കുള്ള വഴി മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു. ജി.ബി.റോഡില്‍ ശകുന്തള ജങ്ഷനില്‍ റോഡ് തകര്‍ന്നു.
ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരം, കോര്‍ട്ട് റോഡ്, മേലാമുറി ബൈപാസ് റോഡ് എന്നിവിടങ്ങളിലെ റോഡിന്റെ സ്ഥിതിയും ദയനീയമാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് നടപ്പാതകളില്ല.
ഓടകള്‍ക്ക് സ്ലാബിട്ട് മൂടിയിട്ടുമില്ല. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നുമില്ല. സുല്‍ത്താന്‍പേട്ട മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള കോര്‍ട്ട് റോഡില്‍ നടപ്പാത പോലുമില്ല.
കൂടാതെ കോഴിക്കോട് ബൈപാസിനുള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ നഗരസഭ ഇനിയും തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."