കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ആനമങ്ങാട് ഹൈസ്കൂള്‍പടിയില്‍ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറെ ഓട്ടോയിലെത്തി മര്‍ദിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. ആനമങ്ങാട് സ്വദേശികളായ ഹൈസ്കൂള്‍പടി വാരിയത്തൊടി സുരേഷ്(40), കൃഷ്ണപ്പടി കല്ലന്കാടന് അബ്ദുല്‍ കരീം(41), പാലോളിപ്പറമ്പ് ഈങ്ങച്ചാലില്‍ സൈതലവി(42) എന്നിവരെയാണ് എസ്.ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവര്‍ പാലക്കാട് പുതുനഗരം കരിപ്പോള് തോട്ടമേട് നാരായണനാ (44)ണ് മര്‍ദനമേറ്റത്. ഇയാളെ പെരിന്തല്‍മണ്ണയിലെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഓട്ടോറിക്ഷയില്‍ ബസ് തട്ടിയെന്നും സൈഡ് കൊടുത്തില്ലെന്നും ആരോപിച്ചാണ് സംഘം ഡ്രൈവറെ മര്‍ദിച്ചത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മറ്റ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."