ദേവകിയമ്മ വധം: എങ്ങുമെത്താതെ അന്വേഷണം
ബേക്കല്‍: പെരിയാട്ടടുക്കം കാട്ടിപ്പള്ളത്തെ ദേവകിയമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. 2017 ജനുവരിയിലാണ് പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ സ്വന്തം വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ദേവകിയമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് ദേവകിയമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിയെങ്കിലും കൊലയാളികളെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ ദേവകിയമ്മയുടെ ദേഹത്തുനിന്നു കണ്ടെത്തിയ മുടി നാര് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തിയെങ്കിലും ഇതുവഴി പ്രതിയിലെത്താമെന്ന അന്വേഷണ സംഘത്തിന്റെ നിഗമനവും അസ്ഥാനത്തായി.
ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം ചിലരെ ബലമായി സംശയിച്ചിരുന്നെങ്കിലും മുടി നാരിഴ സംബന്ധിച്ച് ഫോറന്‍സിക് ലാബില്‍നിന്നു കൃത്യമായ വിവരം ലഭിക്കാതെ വന്നതോടെ പ്രതികളെ പിടികൂടാമെന്ന അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ അസ്ഥാനത്താവുകയും ചെയ്തു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ സംഭവത്തില്‍ പ്രക്ഷോഭ സമരങ്ങളും മറ്റും നടത്തിയിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.
ഇതിനിടയില്‍ കേസന്വേഷണം സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനു നല്‍കിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചിന് കേസില്‍ തുമ്പുണ്ടാക്കാനായില്ല. അതേസമയം, ജില്ലയെ നടുക്കിയ ജാനകിയമ്മ വധക്കേസിലും സുബൈദ വധക്കേസിലും അനേഷണ സംഘം പ്രതികളെ കണ്ടെത്തുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ദേവകിയമ്മ കൊല്ലപ്പെട്ട സമാന രീതിയിലാണ് പെരിയ ചെക്കിപ്പള്ളത്തെ സുബൈദയും കൊല്ലപ്പെട്ടത്. ദേവകിയമ്മ കൊല്ലപ്പെട്ടു ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് സുബൈദ കൊല്ലപ്പെട്ടത്. എന്നാല്‍ സുബൈദ വധക്കേസില്‍ രണ്ടാഴ്ചക്കകം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."