തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് തൃക്കരിപ്പൂരില്‍
തൃക്കരിപ്പൂര്‍: ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ നടക്കാവില്‍ അടുത്ത മാസം ആദ്യം പ്രവര്‍ത്തനം തുടങ്ങും. ഓഗസ്റ്റ് എട്ടിന് ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. കാസര്‍കോട് ജില്ലയിലെ രണ്ടാമത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ് നടക്കാവില്‍ തുടങ്ങുന്നത്.
നിലവില്‍ നീലേശ്വരത്തെ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് സജിവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ശാഖയായാണ് തൃക്കരിപ്പൂരിലെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.
നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റിലൂടെ വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.
അരി, പഞ്ചസാര, പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍, ചായപ്പൊടി തുടങ്ങിയവ സബ്‌സിഡി നിരക്കില്‍ ലഭിക്കും. തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഒരു കോടി രൂപ അനുവദിച്ചു കിട്ടുകയാണെങ്കില്‍ അടുത്ത ഓണക്കാലം മുതല്‍ കൂടുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.
ഇടതുമുന്നണി സര്‍ക്കാരിന്റെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പണം അനുവദിക്കുന്നത് സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ജില്ലയിലെ അധികൃതര്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.
സുനാമി ഫണ്ടിന്റെ ഭാഗമായി 2008 ലാണ് അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ രണ്ടെണ്ണം വീതവും മറ്റു ജില്ലകളില്‍ ഓരോന്ന് വീതവും ആണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷം ഇതിന്റെ നിയന്ത്രണം സിവില്‍ സപ്ലൈസ് വകുപ്പിനായിരുന്നു. മാവേലി സ്‌റ്റോറിന്റെയോ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയോ മാതൃകയില്‍ തീരമൈത്രിയെ വകുപ്പ് അധികൃതര്‍ പരിഗണിച്ചില്ലെന്നാണ് പറയുന്നത്. ഈ കാലയളവില്‍ ഇവയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. പ്രത്യേകം തുക വകയിരുത്താത്തതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സമീപനത്തിന് മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ നടത്തിപ്പുകാരും ഫിഷറീസ് വകുപ്പ് അധികൃതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."