പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കൊവിഡ് ഭേദമായ എല്ലാ രോഗികളുടെയും ഒരു പട്ടിക തയാറാക്കി എല്ലാവര്‍ക്കും കൊവിഡാനന്തര ചികിത്സ ഉറപ്പു വരുത്തും. ആദ്യഘട്ടമായി എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതളനുസരിച്ച് കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കും.
കൊവിഡ് ബാധിച്ച് ഭേദമായ എല്ലാ രോഗികളെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെയോ ടെലിഫോണ്‍ മുഖനെയോ ബന്ധപ്പെടും. അവരുടെ ആരോഗ്യസ്ഥിതി മനസിലാക്കിക്കൊണ്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇതിനായി ഇത്തരം ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കി. അതാത് പ്രദേശങ്ങളിലെ രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുമുണ്ട്.
പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകളില്‍ ഗുരുതര രോഗലക്ഷണങ്ങളോടു കൂടി എത്തുന്നവരുടെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പോസ്റ്റ് കൊവിഡ് റഫറല്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റികളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."