സ്വന്തത്തിനിഷ്ടമുള്ളതാണ് അന്യനും ഇഷ്ടപ്പെടേണ്ടത്
വിവാഹവാര്‍ഷികത്തില്‍ ഭാര്യയെയും കൂട്ടി ഷോപ്പിങ് മാളില്‍ കയറിയ ഭര്‍ത്താവ് തന്ത്രപരമായിട്ടാണ് അതു പയറ്റിയത്. ഭാര്യയോട് പറഞ്ഞു: ''ഇന്ന് എന്റെ ഉമ്മാക്ക് ഒരു സമ്മാനം വാങ്ങണം. അതു നിന്റെ കൈയ്യാലെ തന്നെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിനാല്‍ നിനക്കേറ്റം ഇഷ്ടം തോന്നുന്ന ഒരു സമ്മാനം നീ തെരഞ്ഞെടുക്കുക... നമുക്കത് ഉമ്മയ്ക്കു സമ്മാനിക്കാം.''
ഭര്‍തൃമാതാവിനോട് നിരന്തരം കലഹത്തിലേര്‍പ്പെടാറുള്ള അവള്‍ അതൊരു അവസരമായി കണ്ടു. ഏറ്റം തരംതാഴ്ന്നതും കാണാന്‍ ചന്തമില്ലാത്തതുമായ ഒരു സമ്മാനം അവള്‍ തെരഞ്ഞെടുത്തു. കാപട്യം നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു: ''എനിക്കിത് വല്ലാതെ ഇഷ്ടപ്പെട്ടുപോയി.. ഉമ്മയ്ക്ക് സമ്മാനമായി ഇതു നല്‍കാം. എന്താ നിങ്ങളുടെ അഭിപ്രായം..?''
''നിനക്കിഷ്ടപ്പെട്ടുവെങ്കില്‍ എനിക്കും ഇഷ്ടപ്പെട്ടു..'' ഭര്‍ത്താവ് തന്റെ നയം വ്യക്തമാക്കി.
പിന്നെ കൂടുതല്‍ സംസാരത്തിനു നിന്നില്ല. സമ്മാനം വര്‍ണക്കടലാസില്‍ പൊതിഞ്ഞു വാങ്ങി പണമടച്ച് ഇരുവരും വീട്ടിലേക്കു തിരിച്ചു.. വീട്ടിലെത്തിയപ്പോള്‍ രാത്രിയായിട്ടുണ്ട്. കിടപ്പറയില്‍ കയറിയ ഭര്‍ത്താവ് സമ്മാനം പുറത്തെടുത്തുകൊണ്ട് ഭാര്യയോട് പറഞ്ഞു:
''ഇതു നമ്മുടെ വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് നിനക്കുള്ള എന്റെ സമ്മാനമാണ്. സമ്മാനം നീ തന്നെ വാങ്ങിയാല്‍ അതു വേണ്ട രീതിയിലാകുമല്ലോ എന്നു കരുതി ഞാന്‍ ചെറിയൊരു തന്ത്രം പയറ്റിയതായിരുന്നു..! ഇതു ഉമ്മയ്ക്കുള്ളതല്ല, നിനക്കുള്ളതാണ്.. ഇതാ, സ്‌നേഹത്തോടെ സ്വീകരിച്ചാലും..''
ഭാര്യ ഞെട്ടിപ്പോയി. തനിക്കു പറ്റിയ അമളിയോര്‍ത്ത് അവളുടെ മുഖം താഴ്ന്നു. തനിക്കിഷ്ടമുള്ളത് മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ തനിക്കു ലഭിക്കുന്ന സമ്മാനം എത്ര മനോഹരമാകുമായിരുന്നുവെന്ന് അവള്‍ ചിന്തിച്ചു.
പക്ഷെ, ഇനി പറഞ്ഞിട്ടെന്ത്..?
തനിക്കിത് ഇഷ്ടമായില്ലെന്നു പറയാന്‍ പറ്റുമോ...? മനസില്ലാ മനസോടെയാണെങ്കിലും ഒടുക്കം അവള്‍ക്കതു സ്വീകരിക്കേണ്ടിവന്നു; ഏറ്റവും തരം താഴ്ന്ന സമ്മാനം.
അവനവന് ഇഷ്ടമില്ലാത്തത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടുന്ന ഫലം തരംതാഴ്ന്നതായിരിക്കും. തനിക്കിഷ്ടമുള്ളത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതു വരെ നിങ്ങളിലൊരാളും പൂര്‍ണ വിശ്വാസിയാവില്ലെന്നാണല്ലോ പ്രവാചകാധ്യാപനം. മറ്റുള്ളവര്‍ക്ക് തരംതാഴ്ന്നതു കിട്ടിയാല്‍ മതിയെന്ന മോഹം സത്യവിശ്വാസം വേണ്ടവിധത്തിലാവാത്തതുകൊണ്ടാണ്.
സ്വന്തം ഹോട്ടലില്‍ വച്ച് ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന ഹോട്ടല്‍ മുതലാളിമാരുള്ള കാലമാണിത്. എന്നെങ്കിലുമൊരു നാള്‍ അവര്‍ക്ക് തിരിച്ചടി പ്രതീക്ഷിക്കാം. വിഷപദാര്‍ഥങ്ങളുപയോഗിച്ച് വളര്‍ത്തിയ കൃഷിയുല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും തനിക്കും കുടുംബത്തിനും ആവശ്യമായത് വേറെ കൃഷി ചെയ്യുകയും ചെയ്യുന്ന കര്‍ഷകന്മാര്‍ കൂടുതലുണ്ടെങ്കിലും കൂടുതല്‍ കാലം അവര്‍ക്ക് സുഖം കിട്ടുമെന്നു തോന്നുന്നില്ല.
കടയില്‍ സാധനം വാങ്ങാന്‍ വരുന്ന കസ്റ്റമറോട് സാധനത്തിന്റെ മഹത്വത്തെ സംബന്ധിച്ച് നാം വാതോരാതെ സംസാരിക്കാറുണ്ട്. കുഴപ്പമൊന്നുമില്ല. പക്ഷെ, ആ കസ്റ്റമറുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ താന്‍ ആ വസ്തു വാങ്ങുമായിരുന്നോ എന്നു ചിന്തിക്കണം. വാങ്ങുമെങ്കില്‍ മഹത്വവിവരണം തുടരാം. ഇല്ലെങ്കില്‍ അവിടെ വച്ചുതന്നെ അതവസാനിപ്പിക്കണം. അതാണ് സത്യവിശ്വസത്തിന്റെ ലക്ഷണം.
തന്റെ മകള്‍ക്ക് വിവാഹാഭ്യര്‍ഥനയുമായി വന്ന വ്യക്തിയെ കുറിച്ച് നമ്മോട് ഒരാള്‍ അഭിപ്രായം ചോദിച്ചെന്നിരിക്കട്ടെ. വ്യക്തിയെ കുറിച്ച് നമുക്കു നന്നായി അറിയുകയും ചെയ്യാം. നാം എന്തു പറയും..? ഇല്ലാത്ത ഗുണങ്ങള്‍ വച്ചുകെട്ടുമോ, ഉള്ള ഗുണങ്ങള്‍ മറച്ചുവയ്ക്കുമോ...? പണം മാത്രം ലക്ഷ്യം വച്ച് ഓടിനടക്കുന്ന ബ്രോക്കര്‍മാര്‍ ഇവിടെ പുനരാലോചന നടത്തുന്നതു നന്ന്. മറ്റുള്ളവര്‍ക്ക് നാം വലിയ സംഭവമായി പരിചയപ്പെടുത്തിക്കൊടുക്കാറുള്ള പുരുഷന്മാര്‍ നമ്മുടെ പെണ്‍മക്കള്‍ക്ക് ഭര്‍ത്താക്കന്മാരായി വരുന്നത് നാം ഇഷ്ടപ്പെടുമെങ്കില്‍ നമ്മുടെ ബ്രോക്കര്‍ പണി കൊള്ളാം. ഇല്ലെങ്കില്‍ താമസംവിനാ ആ വേല നിര്‍ത്തി മാന്യമായ വേറെ വല്ല ഏര്‍പ്പാടും നോക്കുന്നതായിരിക്കും നല്ലത്.
കൂലിപ്പണിക്കിറങ്ങുന്നവര്‍ ജോലിസ്ഥലത്ത് ചില 'ഒപ്പിക്കല്‍സുകള്‍' നടത്താറുണ്ട്. വൈകി വരികയും വൈകാതെ പോവുകയും അതിനിടയില്‍ ഫോണ്‍ കോളുകള്‍ അറ്റന്റു ചെയ്തും വിശ്രമത്തിനായി ഏറെ നേരം ചെലവിട്ടും കളിക്കുന്ന കളികളുണ്ടല്ലോ. അതു നാം നമ്മുടെ വീട്ടില്‍ ജോലിക്കു വന്ന കൂലിപ്പണിക്കാരനില്‍ കാണുന്നത് നാം ഇഷ്ടപ്പെടുമോ..? ഇഷ്ടപ്പെടില്ലെങ്കില്‍ എത്രയും വേഗം അതവസാനിപ്പിച്ച് നാം നമുക്കുവേണ്ടി ചെയ്യുന്ന ജോലികള്‍ എത്രമാത്രം ആത്മാര്‍ത്ഥമാക്കുമോ അതുപോലെ ആത്മാര്‍ത്ഥമാക്കാന്‍ ശ്രമിക്കുക. അവിടെയാണ് നമ്മുടെ വിശ്വാസം പൂര്‍ണതയിലേക്കുള്ള വഴി തേടുന്നത്.
ഇരുളിന്റെ മറവില്‍ ജലാശയങ്ങളില്‍ വെയിസ്റ്റുകള്‍ തള്ളി 'രക്ഷപ്പെടുന്ന'വര്‍ തങ്ങളുടെ വീട്ടു മുറ്റത്തെ കിണറില്‍ ആരെങ്കിലും ഇങ്ങനെ വെയ്സ്റ്റുകളിട്ട് കടന്നുകളയുന്നത് ഇഷ്ടപ്പെടുമോ..? ഇല്ലെങ്കില്‍ എത്രയും പെട്ടന്ന് ആ ദുഃസ്വഭാവം അവസാനിപ്പിച്ച് നന്മയുടെ വഴി സ്വീകരിക്കുക. കാരണം, തനിക്കിഷ്ടമില്ലാത്ത കാര്യം മറ്റുള്ളവര്‍ക്ക് വന്നുചേരട്ടെയെന്ന് ആഗ്രഹിക്കുന്നത് സത്യവിശ്വാസം പൂര്‍ണമാവാത്തതിന്റെ കുഴപ്പമാണ്.
പഠിക്കാത്തതിന്റെ പേരില്‍ തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതക്കുന്ന അധ്യാപകന്‍ തന്റെ കുഞ്ഞുങ്ങളെ അതേ കാരണത്താല്‍ മറ്റൊരധ്യാപകന്‍ തല്ലുന്നത് ഇഷ്ടപ്പെടുമോ...? ഇഷ്ടപ്പെടില്ലെങ്കില്‍ അടിക്കാന്‍ അയാള്‍ക്ക് അവകാശമില്ല. അന്യമതസ്ഥന്റെ ആരാധനാലയം തകര്‍ക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ സ്വന്തം മതത്തിന്റെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതില്‍ ഇഷ്ടം കാണുമോ..? ഇല്ലെങ്കില്‍ ആ പുറപ്പാട് തിന്മയിലേക്കുള്ളതാണ്.
മറ്റുള്ളവര്‍ നിന്നോട് പെരുമാറേണ്ടത് എങ്ങനെയാണോ അങ്ങനെ നീ മറ്റുള്ളവരോടും പെരുമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."