ജനസാന്ത്വന പദ്ധതി സംഭാവന 2.25 കോടി കാണാനില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിച്ച ജനസാന്ത്വന പദ്ധതിക്ക് സംഭാവനയായി കിട്ടിയ തുക 2.25 കോടി എവിടെയെന്ന് സര്‍ക്കാരിന് അറിയില്ല.
2017ല്‍ ഇത്രയും തുക കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിരുന്നു. എന്നാല്‍ പാതിയില്‍ നിന്നുപോയ പദ്ധതിക്ക് സംഭാവന ഇനത്തില്‍ കിട്ടിയത് പതിനായിരം രൂപ മാത്രമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ബാക്കി തുക എങ്ങോട്ടു പോയെന്നാണ് സര്‍ക്കാരിന് അറിയാത്തത്.
സമൂഹത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജനസാന്ത്വന പദ്ധതി. പൊതുജനങ്ങളില്‍നിന്ന് തുക സമാഹരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം.
2016 ലാണ് ഇതിനായി മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് എന്ന പേരില്‍ പൊതു ക്ഷേമ ഫണ്ട് രൂപീകരിച്ചത്. ഇതുവരെ 3.48 ലക്ഷം പേര്‍ പദ്ധതിക്കായി അപേക്ഷിച്ചു. എന്നാല്‍ ഒരു പൈസ പോലും ആര്‍ക്കും നല്‍കിയില്ല.
2017ല്‍ വി.എസ് ശിവകുമാറിന്റെ ചോദ്യത്തിന് 2 കോടി 25 ലക്ഷം രൂപ ഫണ്ടിലേക്ക് സ്വരൂപിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. മൂന്നു പേരാണ് സംഭാവന നല്‍കിയത്. സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റ്, ഡോ. ബി.ആര്‍ ഷെട്ടി, ബാലകൃഷ്ണ രത്‌നഗിരി പാര്‍ഥന്‍ എന്നിവര്‍ ചേര്‍ന്ന് 2,25,37,360 നല്‍കിയെന്നായിരുന്നു ഉത്തരം.
ഇനി 2019ല്‍ കെ.സി ജോസഫിന്റെ ചോദ്യത്തിന് സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍നിന്നു പതിനായിരം രൂപ സംഭാവന കിട്ടിയെന്നായിരുന്നു മറുപടി. മറ്റു സംഭാവനകള്‍ കിട്ടിയിട്ടില്ല. എങ്കില്‍ രണ്ടു വര്‍ഷം കൊണ്ട് ബാക്കി 2,25,37,360 എവിടെ അപ്രത്യക്ഷമായി എന്നതാണ് ചോദ്യം.
എന്നാല്‍ ജനസാന്ത്വന പദ്ധതിയുടെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ഫണ്ടൊന്നും കിട്ടിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."