മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത്: കെ.ടി ജലീല്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ സത്വരനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.ടി ജലീല്‍. തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ അദാലത്ത് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും. കെട്ടിക്കിടക്കുന്ന എല്ലാ പരാതികള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരമാകും. ഇതുവരെ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകള്‍ കൈകാര്യം ചെയ്തിരുന്നത് ഒരു ചീഫ് രജിസ്ട്രാര്‍ ആയിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വിവാഹ രജിസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി ഒരു ചീഫ് രജിസ്ട്രാറെ നിയമിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളും കെടുകാര്യസ്ഥതയും ഇല്ലാതാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെത്തുന്നവര്‍ക്ക് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചോ നടപടികളിലെ കാലതാമസം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ അധികാരികളെ അറിയിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി ജൂണ്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരാതി പരിഹാരപ്പെട്ടികള്‍ സ്ഥാപിക്കും. പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അദാലത്ത് മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."