ബിഹാറില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എന്‍.ഡി.എ യോഗം ഇന്ന്: അവകാശ വാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാര്‍
പാട്‌ന: തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ എന്‍ഡിഎ യോഗം ഇന്ന് ബിഹാറില്‍ ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു.എന്നാല്‍ അവകാശവാദം ഉന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്.
പുതിയ സര്‍ക്കാരിന്റെ ഘടന, ഘടകക്ഷികളുടെ പ്രാതിനിത്യം എന്നിവ യോഗത്തില്‍ ചര്‍ച്ച വിഷയമാകും. അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകുന്ന നിതീഷ് കുമാര്‍ ഇന്നലെ രാത്രി ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. അതേസമയം, വോട്ടെണ്ണലുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രതിപക്ഷ സഖ്യം ഇക്കാര്യത്തിലെ നിയമനടപടികള്‍ വേഗത്തിലാക്കും.
എന്‍ഡിഎയുടെ വിജയത്തിന്റെ പൂര്‍ണ അവകാശികള്‍ വോട്ട് ചെയ്ത ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും നിതീഷ് ട്വിറ്ററില്‍ കുറിച്ചു. അതൃപ്തി മാറ്റി വച്ച് മുഖ്യമന്ത്രി ആകാന്‍ നിതീഷ് തയാറാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണം. ഇതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഘടകകക്ഷികള്‍ക്ക് ക്ഷണം ലഭിച്ചത്.
ഭുപേന്ദ്രയാദവ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി ഇപ്പോഴും ബിഹാറില്‍ തുടരുകയാണ്. ഉഭയകക്ഷി യോഗത്തിന് ശേഷം നിതീഷ് കുമാറും ഭൂപേന്ദ്ര യാദവും കൂടിക്കാഴ്ച നടത്തും. പ്രധാനവകുപ്പുകളും സ്പീക്കര്‍ സ്ഥാനവും ബിജെപി ആവശ്യപ്പെട്ട് കഴിഞ്ഞു. ഇക്കാര്യത്തിലെ ചര്‍ച്ചയാകും ഇന്ന് നടക്കുക.
അംഗബലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ത്തരുത് എന്നതാകും നിതീഷിന്റെ നിലപാട്. ബിജെപി നേടിയതടക്കമുള്ള സീറ്റുകള്‍ എന്‍ഡിഎയുടെ കൂട്ടായ നേട്ടമാണെന്ന നിലപാടാണ് നിതീഷിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."